പത്തനംതിട്ട: രാഷ്‌ട്രീയ പ്രവർത്തനത്തിൽ നിന്നും ക്രിമിനൽ ഗുണ്ടാ പ്രവർത്തനത്തിലേക്ക് സിപിഎം തരം താഴുന്നുവെന്ന് സിപിഐ (CPI-CPM Conflict). പാർട്ടിയുടെ മുഖപത്രത്തിലായിരുന്നു സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചത്. പത്തനംതിട്ടയിലെ കൊടുമണ്ണിൽ സിപിഐ പ്രവർത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകൾ നടുറോഡിലിട്ട് മർദ്ദിച്ച സംഭവത്തിലാണ് പ്രധാനമായും സിപിഐ പ്രതിഷേധം അറിയിച്ചത്. അക്രമങ്ങൾകൊണ്ടും സർവാധിപത്യ പ്രവണതകൾകൊണ്ടും എല്ലാക്കാലത്തും എല്ലാവരെയും നിയന്ത്രിച്ചു നിർത്താമെന്ന വ്യാമോഹം വേണ്ട. സിപിഎം സ്വയം തിരുത്തണമെന്നും, വൈകുന്നതിന് വലിയ വില നല്കേണ്ടിവരുമെന്നും സിപിഐ മുഖപത്രത്തിൽ പറയുന്നു.
എന്നാൽ ഇത്തരം സംഭവങ്ങൾ അസ്വസ്ഥജനകമാണെന്നും അക്രമസംഭവങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിക്കുന്നത് രാഷ്‌ട്രീയ പ്രവർത്തനത്തിൽ നിന്നും ക്രിമിനൽ ഗുണ്ടാ പ്രവർത്തനമായി തരംതാഴുന്നതാണെന്നും സിപിഐ മുഖപത്രത്തിൽ പറയുന്നുണ്ട്. ഡിവൈഎഫ്‌ഐ-സിപിഎം ഗുണ്ടകൾ അക്രമ രാഷ്‌ട്രീയമാണ് കേരളത്തിൽ നടത്തുന്നത്. ഗുണ്ടാസംഘങ്ങൾ തങ്ങളുടെ ഹീനമായ അക്രമപ്രവൃത്തികളുടെ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് കേരളത്തിലെ ഗുണ്ടാസംസ്‌കാരത്തിന്റെ ഭാഗമായി മാറി.
ഇത് ഗുണ്ടാരാജ് ഉറപ്പിക്കാനുള്ള പാർട്ടിക്കാരുടെ കുതന്ത്രമാണ്. ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നതിന് ഉപയോഗിച്ചുപോരുന്ന ഫാസിസ്റ്റ് തന്ത്രമാണിതെന്നും മുഖപത്രത്തിൽ പറയുന്നുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ബലാത്സംഗവും എതിർക്കുന്ന ഒരു സംഘടനയുടെ ലേബലിലാണ് കൊടുമൺ വീഡിയോ നിർമ്മിച്ചതും പ്രചരിപ്പിച്ചതും. ഇത് കേരളത്തിലെ ഇടതുപക്ഷജനാധിപത്യത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാൻ സിപിഎം നേതൃത്വം തയ്യാറായിട്ടുമില്ല.
തങ്ങളുടെ പേരിൽ നടന്ന അക്രമസംഭവങ്ങളെ അപലപിക്കാൻ ആ സംഘടന മുതിരാത്തിടത്തോളം അവർ ഗുണ്ടാസംഘങ്ങൾക്ക് പാളയം ഒരുക്കുന്നു എന്നുവേണം കരുതാൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിലെ ഘടകകക്ഷികളും അവയുടെ ബഹുജന മുന്നണികളും ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളം ആയിക്കൂട എന്നും സിപിഎമ്മിനെതിരെ തുറന്നടിച്ചുകൊണ്ട് സിപിഐ മുഖപത്രത്തിൽ പറഞ്ഞു.

