ഭീകര പ്രവർത്തനത്തിന് സമാനമായ വിദ്വേഷ പ്രചാരണമാണ് സിപിഎം നടത്തിയതെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വടകരയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോളിളക്കമുണ്ടാക്കിയ കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസിൽ കേരള പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
സംസ്ഥാനം ഭരിക്കുന്ന ഉത്തരവാദപ്പെട്ട ഒരു പാർട്ടിക്ക് യോജിച്ച പ്രവൃത്തിയാണോ ഇതെന്ന് സിപിഎം പരിശോധിക്കണമെന്നും ഈ ഗൂഢാലോചന അന്വേഷിച്ചാൽ സിപിഎമ്മിലെ ഉന്നതരായ നേതാക്കൾ കുടുങ്ങുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
“വിവാദമായ ‘കാഫിർ’ പ്രയോഗവുമായി ബന്ധപ്പെട്ട് കേരള പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചത് പ്രതീക്ഷിച്ചിരുന്ന റിപ്പോർട്ടാണ്. റെഡ് എൻകൗണ്ടർ, പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കൾ, മുൻ എംഎൽഎ കെ.കെ ലതികയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്നിവ ഉൾപ്പെടെ അഞ്ച് സിപിഎം സൈബർ പേജുകളിലും വാട്സ്ആപ് ഗ്രൂപ്പുകളിലുമാണ് ഇത് പ്രചരിച്ചതെന്നാണ് പോലീസ് നൽകിയ റിപ്പോർട്ടിലുള്ളത്. കോൺഗ്രസിന്റെയും ലീഗിന്റെയും തലയിൽ ചാരി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ സിപിഎം നടത്തിയ ക്രൂരമായ ശ്രമമാണ് പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വോട്ട് കിട്ടാൻ ഏത് ഹീനമായ മാർഗവും അവലംബിക്കുമെന്നാണ് സിപിഎം തെളിയിച്ചിരിക്കുന്നത്. ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചത്. ” – വി.ഡി. സതീശൻ പറഞ്ഞു.

