Saturday, October 24, 2026

“ഇറങ്ങി വാടാ തെമ്മാടികളെ” കണ്ണൂരിലെ പിണറായിയുടെ വസതിക്ക് മുന്നിൽ ED ഉദ്യോഗസ്ഥമാരെ തെറി വിളിച്ചും ഭീഷണിപ്പെടുത്തിയും സിപിഎം അണികളുടെ പ്രകടനം

കണ്ണൂർ: മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് നീണ്ടതോടെ, കേന്ദ്ര ഏജൻസികളെ തെരുവിൽ നേരിടാനും ഭീഷണിപ്പെടുത്താനുമുള്ള നീക്കവുമായി സിപിഎം. പിണറായിയിലെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരുടെ ‘കാല് തല്ലിയൊടിക്കും’ എന്ന് തുടങ്ങിയ അക്രമാസക്തമായ മുദ്രാവാക്യങ്ങളാണ് പരസ്യമായി മുഴക്കുന്നത്. നിയമപരമായ അന്വേഷണങ്ങളെ ജനാധിപത്യപരമായി നേരിടുന്നതിന് പകരം, അന്വേഷണ ഉദ്യോഗസ്ഥരെ ‘തെമ്മാടികൾ’ എന്ന് വിളിച്ച് അധിക്ഷേപിച്ചും മാദ്ധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് പാർട്ടി അണികൾ ശ്രമിക്കുന്നത്. ഇത്രയും ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയർന്നിട്ടും അതിന് കൃത്യമായ മറുപടി നൽകാതെ, പഴയ അടിയന്തരാവസ്ഥയും രക്തസാക്ഷിത്വവും പറഞ്ഞ് സഹതാപം പിടിച്ചുപറ്റാനുള്ള പതിവ് രാഷ്ട്രീയ അടവുകളാണ് സി.പി.എം വീണ്ടും പുറത്തെടുക്കുന്നത്.

അന്വേഷണത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ ബി.ജെ.പി – കോൺഗ്രസ്സ് വിരുദ്ധ ഗൂഢാലോചനാ സിദ്ധാന്തങ്ങളുമായി മുതിർന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമാണ് ഈ റെയ്ഡ് എന്ന വിചിത്രമായ ആരോപണമാണ് സി.പി.എം നേതാവ് പി. ജയരാജൻ ഉന്നയിക്കുന്നത്. ഇ.ഡി എന്നത് സംഘപരിവാറിന്റെ ‘എക്സ്ട്രാ ഡിപ്പാർട്ട്‌മെന്റ്’ ആണെന്ന് പരിഹസിക്കുന്ന നേതാക്കൾ, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയെക്കുറിച്ച് മാത്രം ഒരക്ഷരം മിണ്ടാൻ തയ്യാറാകുന്നില്ല. ബംഗാളിലും ത്രിപുരയിലും പാർട്ടി തകർന്നതിന് കാരണം സ്വന്തം വീഴ്ചകളാണെന്നിരിക്കെ, അതിനെപ്പോലും കേരളത്തിലെ റെയ്ഡുമായി കൂട്ടിക്കെട്ടി സഹതാപ തരംഗമുണ്ടാക്കാനാണ് പി. ജയരാജനെപ്പോലുള്ള മുതിർന്ന നേതാക്കൾ ശ്രമിക്കുന്നത്.

Related Articles

Latest Articles