Friday, April 26, 2024
spot_img

സ്കൂളിൽ നിന്നും പ്ലാവ് വെട്ടി വീട് പണിതു! സിപിഎം നേതാവ് കുരുക്കിൽ; വിടി പ്രതാപനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; പ്രതിഷേധവുമായി ബിജെപി

കോട്ടയം: സ്കൂൾ മുറ്റത്തുണ്ടായിരുന്ന പ്ലാവ് വെട്ടി വീടുണിത സിപിഎം നേതാവ് വിടി പ്രതാപനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. സർക്കാർ ഭൂമിയിലെ മരം മുറിച്ചുനീക്കാൻ വനം വകുപ്പിന്റെയോ, ജില്ലാ ട്രീ കമ്മിറ്റിയുടെയോ അനുമതി ലഭിക്കില്ലെന്ന്അറിയിച്ചു. അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കമ്മിറ്റിയംഗം ബിനു വാഴൂർ പറഞ്ഞു.

സ്‌കൂളിലെ പിടിഎ തീരുമാനമെടുത്താണ് പഞ്ചായത്ത് മരം മുറിച്ചത്. ഇത്തരം കാര്യങ്ങളിൽ സ്‌കൂളിൽ നിന്നുള്ള അപേക്ഷ പഞ്ചായത്ത് ട്രീ കമ്മിറ്റിയ്‌ക്ക് വിടണമെന്നാണ് നിയമം. അതിനുപകരം മരം മുറിക്കുകയാണുണ്ടായത്. സംഭവത്തിൽ ചട്ടം ലംഘനം ആരോപിച്ച് നാട്ടുകാർ എത്തിയതിന് പിന്നാലെ എഇഒ സ്‌കൂൾ ഹെഡ്മാസ്റ്ററിന് നോട്ടീസ് നൽകി. കളക്ടർക്കും ഇതിന്റെ പകർപ്പ് അയച്ചിരുന്നു. കളക്ടർ ഇത് വനം വകുപ്പിന് കൈമാറിയിരുന്നു.

മുറിച്ച മരത്തിന്റെ കുറ്റി പരിശോധിച്ചപ്പോൾ മരത്തിന് 16,000 രൂപയെങ്കിലും വില വരുമെന്ന് വനപാലകർ കണ്ടെത്തി. വിടി പ്രതാപൻ 10,000 രൂപയ്‌ക്ക് മരം ലേലത്തിൽ പിടിച്ചുവെന്നാണ് രേഖകളിലുള്ളത്. സർക്കാരിന് നഷ്ടമായ 6,000 രൂപ ഈടാക്കി പ്രശ്‌നം അവസാനിപ്പിക്കാനാണ് നീക്കം.

സിപിഎം നേതാവിനെതിരെ മോഷണക്കുറ്റത്തിന് പോലീസ് കേസെടുക്കണമെന്ന് ബിജെപി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇയാൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി തുടരാൻ അവകാശമില്ലെന്നും രാജി വയ്‌ക്കുകയോ അല്ലാത്ത പക്ഷം പ്രതാപനെ പുറത്താക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.

മറവൻതുരത്ത് ഗവ. യുപി സ്‌കൂളിന്റെ മുറ്റത്ത് നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള പ്ലാവാണ് സിപിഎം ഏരിയ കമ്മിറ്റിയംഗമായിരുന്ന വിടി പ്രതാപൻ വെട്ടിമാറ്റിയത്. സംഭവത്തിന് പിന്നാലെ ഇയാളെ പാർട്ടി തരം താഴ്‌ത്തിയിരുന്നു.

Related Articles

Latest Articles