Wednesday, May 15, 2024
spot_img

സിപിഎം നേതാക്കളുടെ പിന്തുണയോടെ പ്രമുഖ മാധ്യമം പുറത്തുവിട്ട ആരോപണം പച്ചക്കള്ളം; കെ.കെ.രമ അസഭ്യം പറഞ്ഞെന്ന ആരോപണത്തിൽ തെളിവില്ലെന്ന് പോലീസ്; റിപ്പോർട്ട് കോടതിയിൽ

കോഴിക്കോട്; കെ.കെ.രമ (KK Rema) അസഭ്യം പറഞ്ഞെന്ന ആരോപണത്തിൽ തെളിവില്ലെന്ന് പോലീസ്. ഈ വിഷയത്തിൽ വടകര കോടതിയിൽ നിലവിലുള്ള കേസിൽ ആറ് വർഷമായി അന്വേഷിച്ചിട്ടും ഈ പ്രചാരണത്തിനായി ഉപയോഗിച്ച ഒറിജിനൽ വീഡിയോ ടേപ്പ് ഈ മാധ്യമത്തിന് ഹാജരാക്കാനോ, കെ.കെ.രമയുടെ ഒറിജിനൽ ശബ്ദമാണോ വീഡിയോ ഫൂട്ടേജിൽ ഉള്ളതെന്ന് കണ്ടെത്താനോ കഴിഞ്ഞില്ലെന്നാണ് പോലിസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസം വടകരയിൽ കെ.കെ രമയ്‌ക്കും പ്രവർത്തകർക്കും നേരെ സി.പി.എം കയ്യേറ്റം നടത്തിയിരുന്നു. ഇതിനിടയിൽ രമ ഒരു പെൺകുട്ടിയോട് അസഭ്യം പറഞ്ഞെന്ന തരത്തിൽ ഒരു പ്രമുഖ മാധ്യമം വാർത്ത നൽകിയിരുന്നു.

എന്നാൽ സംഭവത്തിൽ തെളിവില്ലെന്ന റിപ്പോർട്ടാണ് പോലീസ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ തലേദിവസം, സ്ഥാനാർത്ഥി എന്ന നിലയിൽ തന്നെ അപമാനിക്കാനും, വ്യക്തിപരമായി തന്നെ ഇല്ലാതാക്കാനും പ്രമുഖ മാധ്യമവും, സിപിഎം ഉന്നത നേതൃത്വവും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി നിർമ്മിച്ചെടുത്ത വ്യാജ വിഡിയോ ആണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് കെ.കെ.രമ അന്ന് തന്നെ ആരോപിച്ചിരുന്നു.

ഇത് കണ്ടെത്തണമെന്നാവശ്യപ്പെട്ട് 2016ൽ വടകര റൂറൽ എസ്പിക്ക് രമ നൽകിയ പരാതിയുടെ അന്വേഷണ റിപ്പോർട്ടാണ് ആറ് വർഷങ്ങൾക്ക് ശേഷം പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. സി പി.എം നേതൃത്വവും, പാർട്ടി നേതാക്കളായ എളമരം കരീം, ഇപ്പോഴത്തെ വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിയുമടക്കമുള്ളവർ മുഖ്യധാര മാധ്യമങ്ങളിലും, സമൂഹമാധ്യമങ്ങളിലും കെ.കെ രമയ്‌ക്കെതിരെ അതി രൂക്ഷമായ പ്രസ്താവനകളാണ് ഈ സംഭവത്തെ തുടർന്ന് നടത്തിയിരുന്നത്. ഇതെല്ലാം ശുദ്ധ നുണ പ്രചാരണമായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

Related Articles

Latest Articles