തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകർന്ന് വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തിരുവനന്തപുരം വേദിയാകുന്നു. ബി.സി.സി.ഐ പുറത്തുവിട്ട 2026-27 രാജ്യാന്തര ഹോം സീസണിന്റെ മത്സരക്രമം അനുസരിച്ച് സെപ്റ്റംബർ 27-നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഈ ആവേശപ്പോരാട്ടം നടക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് വിൻഡീസ് പര്യടനത്തിലുള്ളത്. പരമ്പരയിലെ രണ്ടാമത്തെ ഏകദിനം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലും മൂന്നാം ഏകദിനം ഒക്ടോബർ മൂന്നിന് ചണ്ഡിഗഡിലും നടക്കും. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഒക്ടോബർ ആറിന് ആരംഭിക്കുന്ന ട്വന്റി20 മത്സരങ്ങൾ ലഖ്നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 17-നാണ് വിൻഡീസ് പര്യടനം അവസാനിക്കുന്നത്.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഒരു ഏകദിന മത്സരം വിരുന്നെത്തുന്നത്. 2023 ജനുവരിയിലാണ് ഇതിനുമുൻപ് കാര്യവട്ടത്ത് ഏകദിന മത്സരം നടന്നത്. ഈ വർഷം ജനുവരി 31-ന് നടന്ന ഇന്ത്യ-ന്യൂസീലൻഡ് ട്വന്റി20 പോരാട്ടത്തിന് ശേഷം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ രാജ്യാന്തര മത്സരം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലെ കായിക ഭൂപടത്തിൽ തിരുവനന്തപുരത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്നതാണ് ബി.സി.സി.ഐയുടെ ഈ പുതിയ പ്രഖ്യാപനം. വിൻഡീസ് ടീമിനെ വരവേൽക്കാനും പ്രിയ താരങ്ങളുടെ പ്രകടനം നേരിട്ട് കാണാനുമുള്ള തയ്യാറെടുപ്പിലാണ് കായിക പ്രേമികൾ.

