പ്രപഞ്ചത്തിലെ ‘പരാജയപ്പെട്ട നക്ഷത്രങ്ങൾ’ എന്ന് വിളിക്കപ്പെടുന്ന തവിട്ട് കുള്ളന്മാർക്ക് (Brown Dwarfs) നക്ഷത്രങ്ങളായി മാറാൻ രണ്ടാം ജന്മം ലഭിക്കുമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഗ്രഹങ്ങളാകാൻ കഴിയാത്തത്ര വലിപ്പമുള്ളതും എന്നാൽ നക്ഷത്രങ്ങളാകാൻ ആവശ്യമായ പിണ്ഡമില്ലാത്തതുമായ ബ്രൗൺ ഡ്വാർഫുകൾ ലയിക്കുന്നതിലൂടെ പുതിയൊരു നക്ഷത്രം രൂപപ്പെടാമെന്നാണ് കാലിഫോർണിയയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. നക്ഷത്രങ്ങൾക്ക് ഊർജ്ജം നൽകുന്ന ന്യൂക്ലിയർ ഫ്യൂഷൻ പ്രക്രിയ സ്വന്തമായി നടത്താൻ ശേഷിയില്ലാത്തതിനാലാണ് ഇവയെ ശാസ്ത്രലോകം ഇതുവരെ പരാജയപ്പെട്ട നക്ഷത്രങ്ങളായി കണക്കാക്കിയിരുന്നത്. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ഇവയ്ക്ക് നക്ഷത്രങ്ങളായി പരിണമിക്കാൻ സാധിക്കുമെന്നാണ് കാലിഫോർണിയയിലെ സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി (ZTF) നടത്തിയ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.
ഭൂമിയിൽ നിന്ന് ഏകദേശം 1,000 പ്രകാശവർഷം അകലെയുള്ള ZTF J1239+8347 എന്ന ബൈനറി സിസ്റ്റത്തെ നിരീക്ഷിച്ചപ്പോഴാണ് ഈ നിർണ്ണായക വിവരങ്ങൾ ലഭ്യമായത്. വളരെ കുറഞ്ഞ ഭ്രമണകാലയളവുള്ള രണ്ട് ബ്രൗൺ ഡ്വാർഫുകൾ തമ്മിൽ നിരന്തരമായി പിണ്ഡം (Mass) കൈമാറ്റം ചെയ്യപ്പെടുന്നതായി ഗവേഷകർ കണ്ടെത്തി. സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളായ വെളുത്ത കുള്ളന്മാരിൽ മാത്രം കണ്ടുവരുന്ന ഈ പ്രതിഭാസം ബ്രൗൺ ഡ്വാർഫുകളിൽ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഈ പിണ്ഡം കൈമാറ്റത്തിലൂടെ ഒരു തവിട്ട് കുള്ളൻ കൂടുതൽ ഭാരം ശേഖരിക്കുകയും ഒടുവിൽ ന്യൂക്ലിയർ ഫ്യൂഷൻ ആരംഭിക്കാൻ തക്കവണ്ണം കരുത്താർജ്ജിക്കുകയും ചെയ്യാം. അല്ലെങ്കിൽ ഇവ രണ്ടും തമ്മിൽ കൂട്ടിയിടിച്ച് ലയിച്ച് തിളക്കമുള്ള പുതിയൊരു നക്ഷത്രമായി മാറാനുമുള്ള സാധ്യതയുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ കാൽടെക്കിലെ മുഖ്യ ഗവേഷകൻ സാമുവൽ വൈറ്റ്ബുക്ക് വ്യക്തമാക്കി.
ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തിനുള്ളിൽ ഒതുങ്ങുന്നത്ര ചെറിയ ഈ സിസ്റ്റം ബഹിരാകാശ ഗവേഷണത്തിൽ പുതിയ വാതിലുകളാണ് തുറന്നിടുന്നത്. പരാജയപ്പെട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ വസ്തുക്കൾക്ക് ലഭിക്കുന്ന ‘രണ്ടാം അവസരം’ നക്ഷത്രങ്ങളുടെ ജനനത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ നടത്താനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം. ചിലിയിലെ വെറ റൂബിൻ ഒബ്‌സർവേറ്ററി കൂടി പ്രവർത്തനസജ്ജമാകുന്നതോടെ സമാനമായ കൂടുതൽ പ്രപഞ്ച രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

