കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ഗൂഢാലോചനാ കേസിൽ (Conspiracy Case) നടൻ ദിലീപിന്റെ ഫോണുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ആറ് ഫോണുകളാണ് ആവശ്യപ്പെടുക. എന്നാൽ ഫോണുകൾ സംസ്ഥാന സർക്കാരിന് കീഴിലെ ലാബിൽ പരിശോധിക്കുന്നതിനെ പ്രതിഭാഗം എതിർക്കാനാണ് സാധ്യത. സ്വതന്ത്ര ലാബിൽ പരിശോധന വേണമെന്ന് ഇവർ ആവശ്യപ്പെട്ടേക്കും.
ദിലീപ് കൈമാറാത്ത ഫോണും, തിരിച്ചറിയാൻ സാധിക്കാതിരുന്ന ഫോണിന്റെയും കാര്യത്തിലും കീഴ്‌ക്കോടതിയാകും വാദം കേൾക്കുക. ഫോണുകൾ സംബന്ധിച്ച കോടതി വിധി ഇരുകൂട്ടർക്കും ഒരുപോലെ നിർണായകമാണ്. അതേസമയം ദിലീപിന്റെ ആറ് ഫോണുകൾ ആലുവ കോടതിക്ക് കൈമാറാൻ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.
ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറുന്നതിന് ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഫോൺ അൺലോക്ക് പാറ്റേൺ കോടതിക്ക് നൽകാൻ പ്രതികൾക്ക് നിർദേശം നൽകി. ദിലീപിൻറെ മറ്റ് ഫോണുകൾ ഹാജരാക്കാനും നിർദ്ദേശം നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ആറ് ഫോണുകളിൽ അഞ്ചെണ്ണം തിരിച്ചറിഞ്ഞു. പുതിയ ഫോണുകൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന അഭിപ്രായമുണ്ടെന്നും കോടതി വ്യക്തമാക്കി.

