Sunday, January 11, 2026

കത്തിക്കരിഞ്ഞ തലയോട്ടിയില്‍ നിന്ന് മുഖം പുനഃസൃഷ്ടിക്കാന്‍ ശ്രമം

കോഴിക്കോട്: രണ്ടര വര്‍ഷം മുമ്പ് കോഴിക്കോട് പോലൂരിനടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു. വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് തുടങ്ങി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തലയോട്ടിയില്‍ നിന്ന് മുഖം പുനഃസൃഷ്ടിച്ച് ആളെ കണ്ടെത്തനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

2017 സെപ്തംബര്‍ പതിനാലിനാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മുഖം കത്തി വികൃതമായതിനാല്‍ ആളെ തിരിച്ചറിയാനായില്ല. കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുകിയതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കൊലപാതകമെന്ന നിഗമനത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതോടെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതിനുശേഷമാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിക്കാനുള്ള ശ്രമം നടത്താന്‍ തീരുമാനിച്ചത്. തലയോട്ടി ഉപയോഗിച്ച് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ സോഫ്റ്റുവെയറിന്റെ സഹായത്തോടെ മുഖം പുനഃസൃഷ്ടിക്കുകയാണ് ലക്ഷ്യം.

കേരളത്തില്‍ ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇതിലൂടെ കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ബിനോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Related Articles

Latest Articles