Sunday, April 28, 2024
spot_img

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം: മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി സുപ്രിംകോടതി

ദില്ലി: സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി.

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്ന വിധം വര്‍ധിച്ചു വരികയാണെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ നാല് പൊതു തിരഞ്ഞെടുപ്പുകളില്‍ ഈ പ്രവണത കാണുന്നുണ്ട്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കാന്‍ കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വെബ്സൈറ്റില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി പറഞ്ഞു.

എന്തു കൊണ്ടാണ് ഇത്തരം സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്ത് ഇറക്കുന്നത് എന്ന് പാര്‍ട്ടികള്‍ വെബ്സൈറ്റില്‍ വ്യക്തമാക്കണമെന്നും വിജയസാധ്യത മാത്രം മാനദണ്ഡം ആകരുതെന്നും കോടതി നിര്‍ദേശിച്ചു. 48 മണിക്കൂറിനകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം, ഫേസ്ബുക്കിലും ട്വിറ്ററിലും വിവരങ്ങള്‍ നല്‍കണം.

ഇത് നടപ്പാക്കിയ ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം, ദേശിയ പത്രത്തിലും പ്രാദേശിക പത്രത്തിലും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുള്ള വിവരം പ്രസിദ്ധീകരിക്കണം, 72 മണിക്കൂറിനകം തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണം എന്നിവയാണ് കോടതി മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശങ്ങള്‍.

മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കും. 72 മണിക്കൂറിനകം മാര്‍ഗനിര്‍ദേശങ്ങള്‍ പാര്‍ട്ടികള്‍ നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്.

Related Articles

Latest Articles