മലേഷ്യയില്‍ തൊഴില്‍ ഉടമയുടെ ക്രൂര മര്‍ദനത്തിനിരയായ ആലപ്പുഴ ഹരിപ്പാട് സ്വദേശിക്ക് മോചനം. നീണ്ടൂര്‍ വാലേത്ത് വീട്ടില്‍ ഹരിദാസനാണ് ക്രൂര മര്‍ദനത്തിനിരയായത്. ഹരിദാസന്‍ മലേഷ്യയില്‍ നിന്ന് കോയമ്പത്തൂരിലെത്തി. ബന്ധുക്കളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഹരിദാസന്‍ മലേഷ്യയില്‍ ക്രൂരമര്‍ദനത്തിനിരയായെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് ഭാര്യ രാജശ്രീ അധികൃതരെ സമീപിച്ചത്. ശരീരമാസകലം പൊള്ളലേറ്റ ഹരിദാസന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും രാജശ്രീ ആവശ്യപ്പെട്ടിരുന്നു.
നാല് വര്‍ഷം മുന്‍പാണ് ബാര്‍ബര്‍ ജോലിക്കായി ഹരിദാസന്‍ മലേഷ്യയിലേക്ക് പോയത്. ആലപ്പുഴ ചിങ്ങോലിയിലുള്ള ഏജന്റാണ്, ജോലി തരപ്പെടുത്തികൊണ്ടുത്തത്. ആറ് മാസം കൂടുമ്പോള്‍ നാട്ടിലേക്ക് പണം അയച്ചിരുന്നു. കുടുംബവുമായി ഫോണിലൂടെ സംസാരിക്കാനും കഴിഞ്ഞിരുന്നു.
എന്നാല്‍, പിന്നീട് അവസ്ഥ മാറി. ശമ്പളം കിട്ടുന്നില്ലെന്നും തൊഴില്‍ ഉടമ ക്രൂരപീഡനത്തിന് ഇരയാക്കുന്നതായും ഹരിദാസന്‍ ഭാര്യയെ അറിയിച്ചു. പാസ്‌പോര്‍ട്ട് അടക്കം രേഖകളും തൊഴിലുടമ കൈവശം വച്ചിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ യാതൊരു വഴിയുമില്ലാതെ വന്നതോടെയാണ് രാജശ്രീ നോര്‍ക്കയെ സമീപിച്ചത്.

