Saturday, May 18, 2024
spot_img

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളിയായ മാവോയിസ്റ്റ് കള്‍ട്ട് നേതാവ് ലണ്ടന്‍ ജയിലില്‍ മരിച്ചു: മകള്‍ ഉള്‍പ്പെടെ അനുയായികള്‍ നേരിട്ടത് പീഡനം

ദില്ലി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളിയായ മാവോയിസ്റ്റ് കൾട്ട് നേതാവ് അരവിന്ദന്‍ ബാലകൃഷ്ണന്‍ യുകെയിൽ ജയിലില്‍ മരിച്ചു. സൗത്ത് ലണ്ടനിലെ വീട്ടിൽ 30 വർഷത്തോളം സ്ത്രീകളെ തടവിലാക്കി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ശിക്ഷയനുഭവിക്കവെയാണു 81 വയസ്സുകാരനായ അരവിന്ദന്റെ മരണം.

പ്രിന്‍സ്ടൗണിലെ എച്ച്എംപി ഡാര്‍ട്ട്മൂര്‍ ജയിലില്‍ കസ്റ്റഡിയിലിരിക്കെയാണ് അരവിന്ദന്‍ ബാലകൃഷ്ണന്റെ മരണമെന്ന് പ്രിസണ്‍ സര്‍വീസ് അറിയിച്ചു. ബാലകൃഷ്ണൻ ഇന്നലെ എച്ച്എംപി ഡാർട്ട്മൂരിൽ വച്ച് മരിച്ചതായാണ് ബിബിസി റിപ്പോർട്ട്. അരവിന്ദൻ ബാലകൃഷ്ണൻ തന്റെ സ്ത്രീ അനുയായികളെ ഇരയാക്കുകയും തനിക്ക് ദൈവതുല്യമായ ശക്തിയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. മാത്രമല്ല അനുയായികള്‍ക്കിടയില്‍ വീരപുരുഷനായി കണാക്കപ്പെട്ടിരുന്ന അരവിന്ദന്‍ ബാലകൃഷ്ണന്‍ ‘സഖാവ് ബാല’ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്.

അതേസമയം മകളെ 30 വര്‍ഷത്തോളം തടവിലാക്കിയതിനും ലൈംഗികാതിക്രമം നടത്തിയതിനും അരവിന്ദന്‍ ബാലകൃഷ്ണന്‍ 2016 ലാണു ശിക്ഷിക്കപ്പെട്ടത്. 23 വര്‍ഷത്തേക്കായിരുന്നു ശിക്ഷ. സൗത്ത്വാർക്ക് ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ, 30 വർഷത്തിലേറെയായി ഇയാൾ തന്റെ രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്തിരുന്നതായി തെളിഞ്ഞിരുന്നു. ജാക്കി എന്ന് പേരിട്ട ഒരു സാങ്കൽപ്പിക റോബോട്ടിനെ മുൻനിർത്തിയാണ് ഇയാൾ തടവുകാരെ ഭയപ്പെടുത്തിയിരുന്നത്. ഈ റോബോർട്ട് അവരുടെ മനസ്സ് വായിക്കുമെന്ന് ബാലകൃഷ്ണൻ ഭീഷണിപ്പെടുത്തിയിരുന്നു.

കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച ബാലകൃഷ്ണൻ 1975-ല്‍ സിംഗപ്പൂരില്‍നിന്നാണ് സൗത്ത് ലണ്ടനിലെത്തിയത്. 1970 കളുടെ തുടക്കത്തിൽ, ‘ഫാസിസ്റ്റ് ഭരണകൂടത്തെ’ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബാലകൃഷ്ണൻ ഔദ്യോഗികമായി ‘വര്‍ക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്സിസം-ലെനിനിസം-മാവോ സേതുങ് തോട്ട്’ എന്ന പേരില്‍ രഹസ്യ മാവോയിസ്റ്റ് കമ്യൂണ്‍ സ്ഥാപിച്ചു.

മാത്രമല്ല കേസില്‍ അടുത്ത കാലം വരെ അജ്ഞാതയായി തുടർന്ന അരവിന്ദന്‍ ബാലകൃഷ്ണന്റെ മകള്‍ കാറ്റി മോര്‍ഗന്‍-ഡേവിസ്, മുമ്പ് തന്റെ പിതാവിന്റെ വീട്ടിലെ അനുഭവം പങ്കുവെച്ചു. ‘ഭയാനകവും മനുഷ്യത്വരഹിതവും ഇടിച്ചുതരത്തിലുള്ളതുമാണ്’ എന്നാണു മകൾ അതിനെ വിശേഷിപ്പിച്ചത്. കൂട്ടിച്ചേർത്തു: “തനിക്ക് ചിറകുകൾ മുറിച്ച ഒരു കൂട്ടിലടച്ച പക്ഷിയെപ്പോലെ തോന്നിയെന്ന് കാറ്റി ബിബിസിയോട് പറഞ്ഞു.

പിതാവിന്റെ വീട്ടിലെ പീഡന സമയത്ത്, നഴ്സറി ഗാനങ്ങൾ പാടുന്നതിൽ നിന്നും സ്കൂളിൽ പോകുന്നതിൽ നിന്നും സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്‌തെന്നും കൂട്ടിച്ചേർത്തു. തന്റെ അമ്മ തന്റെ പിതാവിന്റെ അനുയായികളില്‍ ഒരാളാണെന്ന് കൗമാരപ്രായത്തില്‍ മാത്രമാണ് കാറ്റി മനസിലാക്കിയത്. 2013-ല്‍ പിതാവിന്റെ ആരാധനാവലയത്തിൽനിന്ന് രക്ഷപ്പെട്ട കാറ്റി, തുടര്‍ന്ന് വിദ്യാഭ്യാസത്തിനായി ലീഡ്‌സിലേക്കു മാറുകയായിരുന്നു.

16 കുറ്റങ്ങളാണ് ബാലകൃഷ്ണനെതിരെ ചുമത്തിയിരുന്നത്. ബലാത്സംഗം, ലൈംഗികാതിക്രമം, രണ്ട് സ്ത്രീകൾക്കു നേരെയുള്ള അതിക്രമം, അന്യായമായി തടവിലാക്കല്‍, മകൾക്കെതിരായ ബാലപീഡനം തുടങ്ങിയവയാണ് അവ. എന്നാൽ തനിക്കെതിരായ കുറ്റാരോപണങ്ങളെല്ലാം അരവിന്ദന്‍ ബാലകൃഷ്ണന്‍ വിചാരണവേളയില്‍ നിഷേധിച്ചിരുന്നു. തന്നോട് ലൈംഗിക താല്‍പ്പര്യം തോന്നുന്ന പരസ്പരം അസൂയാലുക്കളായ സ്ത്രീകള്‍ തമ്മിലുള്ള സ്പര്‍ധയുടെ ശ്രദ്ധാകേന്ദ്രമാണു താനാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

Related Articles

Latest Articles