Sunday, May 5, 2024
spot_img

നാളെ ശ്രീരാമനവമി; ശ്രീരാമ ക്ഷേത്ര ദര്‍ശനവും രാമനാമം ജപിക്കുന്നതും പുണ്യദായകം

നാളെ ശ്രീരാമനവമി.ഭഗവാൻ ശ്രീരാമദേവന്റെ പിറന്നാൾ ദിനം. ചൈത്രമാസത്തിലെ വെളുത്ത പക്ഷ നവമി വരുന്ന ദിവസമാണ് ശ്രീരാമനവമി അഥവാ ശ്രീരാമജയന്തി ആഘോഷിക്കുന്നത്. ശ്രീരാമക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷാൽ പൂജകളും ആരാധനകളും നടക്കുന്നു. മേടമാസത്തിലെ പുണർതം നക്ഷത്രദിവസമാണ് അയോധ്യയിലെ ദശരഥമഹാരാജാവിന്റെയും കൗസല്യാദേവിയുടെയും മകനായി ശ്രീരാമദേവൻ അവതരിച്ചതെന്നു രാമായണത്തിൽ പറയുന്നു.

ശ്രീരാമന്റെ ജനന മുഹൂര്‍ത്തത്തെ പറ്റി അധ്യാത്മ രാമായണത്തില്‍ ഇപ്രകാരം പറയുന്നു;

ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്നകാലത്തിങ്ക

ലച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍

നക്ഷത്രം പുനര്‍വസു നവമിയല്ലോതിഥി

നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി

കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ

അര്‍ക്കനുമത്യുച്ചസ്ഥനുദയംകര്‍ക്കടകം

അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗ്ഗവന്‍ മീനത്തിലും

വക്രനുമുച്ചസ്ഥനായ്മകരംരാശിതന്നില്‍

നില്‍ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍

ദിക്കുകളൊക്കെപ്രസാദിച്ചിതുദേവകളും

കര്‍ക്കടക ലഗ്‌നത്തില്‍ പുനര്‍വസു (പുണര്‍തം) നക്ഷത്രത്തില്‍ പഞ്ചഗ്രഹങ്ങള്‍ ഉച്ചസ്ഥാനത്തും സൂര്യന്‍ മേടരാശിയിലും നിന്ന ദിനത്തിലാണു ഭഗവാന്‍ ശ്രീരാമന്‍ കൗസല്യാത്മജനായി അയോദ്ധ്യയില്‍ അവതരിച്ചത്.

എന്നാൽ, ഇക്കൊല്ലം ഉൾപ്പെടെ മിക്ക വർഷങ്ങളിലും ശ്രീരാമനവമി വരുന്നത് മീനമാസത്തിലാണ്. കാരണം, ഉത്തരേന്ത്യയിൽ പിറന്നാൾ ആചരണത്തിനു ജന്മനക്ഷത്രത്തെയല്ല, ജനിച്ച തിഥിയെയാണു പ്രധാനമായും അടിസ്ഥാനമാക്കുന്നത്. അതുകൊണ്ടാണ് ചൈത്രമാസ വെളുത്ത പക്ഷ നവമി വരുന്നത് മീനമാസത്തിലെ പൂയം നക്ഷത്രദിവസം ആയിട്ടുകൂടി അന്ന് ശ്രീരാമജയന്തി ആയി ആഘോഷിക്കുന്നത്.

പുണ്യദിനമായ ശ്രീരാമ നവമിയില്‍ വ്രതം അനുഷ്ടിക്കുകയും ശ്രീരാമ ക്ഷേത്ര ദര്‍ശനം നടത്തുന്നതും രാമായണത്തിലെ ശ്രീരാമാവതാരഭാഗം ഭക്തി പൂര്‍വ്വം പാരായണം ചെയ്യുന്നതും അങ്ങേയറ്റം പുണ്യദായകവും ഐശ്വര്യാഭിവൃധികരവും ആകുന്നു.

ശ്രീരാമനവമി വ്രതം

തലേന്ന് അഷ്ടമി ദിനത്തില്‍ ഒരിക്കലൂണ്. നവമി ദിനത്തില്‍ ഉച്ച വരെ ഉപവാസം അനുഷ്ടിക്കണം. പുലര്‍ച്ചെ രാമക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ ദര്‍ശനം നടത്തണം. രാമായണത്തിലെ അവതാര ഭാഗം, ശ്രീരാമ അഷ്ടോത്തരം, രാമചരിതമാനസം മുതലായവ പാരായണം ചെയ്യണം. പാരായണ ശേഷം ഭഗവാന്റെ പ്രതിമയിലോ ചിത്രത്തിലോ ആരതി നടത്താം. മദ്ധ്യാഹ്നം വരെ പൂര്‍ണ്ണ ഉപവാസം അനുഷ്ടിച്ച് ഉച്ചയ്ക്ക് അരി ആഹാരം കഴിക്കാം. ഭഗവാന്റെ ജന്മ ദിനമാകയാല്‍ വിശേഷ വിഭവങ്ങളും മധുരവും ഒക്കെ ആകാം. വൈകുന്നേരം സമൂഹ ആരതി, ഭജന എന്നിവയിലൊക്കെ പങ്കു കൊള്ളുക. കുടുംബ സുഖം, ആഗ്രഹ സാഫല്യം, ധനൈശ്വര്യം എന്നിവ ഫലമാകുന്നു. അവതാര വിഷ്ണു ബുധന്റെ ദേവതയാകയാല്‍ ജാതകത്തില്‍ ബുധന്റെ മൌഡ്യം, നീചസ്ഥിതി, അനിഷ്ട സ്ഥിതി എന്നിവ മൂലം വരുന്ന വിദ്യാ തടസ്സത്തിനും അലസതയ്ക്കും ഭാഗ്യലോപത്തിനും പരിഹാരമായി വിദ്യാര്‍ഥികള്‍ ശ്രീരാമ നവമിയില്‍ വ്രതം അനുഷ്ടിക്കുന്നത് ഉത്തമമാകുന്നു.

Related Articles

Latest Articles