Tuesday, May 21, 2024
spot_img

കുസാറ്റ് ദുരന്തം; നാല് പേരുടെയും പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ്; പരിക്കേറ്റവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, പറവൂർ സ്വദേശിനി ആൻ റിഫ്റ്റ, താമരശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജേക്കബ് എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ക്യാംപസിൽ എത്തിയതാണ് ആൽവിൻ.

കുസാറ്റിലെ സ്കൂൾ ഓഫ് എഞ്ചിനീയറിം​ഗിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ ഭാ​ഗമായി ക്യാമ്പസിനകത്തുള്ള ആംഫി തിയേറ്ററിൽ സംഘടിപ്പിച്ച സം​ഗീത നിശയിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഗേറ്റ് തുറക്കാൻ വൈകിയതാണ് അപകടകാരണം. വിദ്യാർത്ഥികൾ ആവേശത്തിൽ തള്ളിക്കയറുകയായിരുന്നു. ഗേറ്റ് കഴിഞ്ഞ് പടികളിൽ നിന്നവർ തിക്കിലും തിരക്കിലും താഴേക്ക് വീഴുകയായിരുന്നു. അവരുടെ മുകളിലേക്ക് കൂടുതൽ ആളുകളും വീണു. ചവിട്ടേറ്റും ശ്വാസംമുട്ടിയുമാണ് വിദ്യാർത്ഥികൾ മരിച്ചത്.

64 പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. നാലുപേരെയും എത്തിച്ചത് മരിച്ച നിലയിലായിരുന്നു. 46 പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലും 16 പേരെ കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിസിയോടും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും റിപ്പോർട്ട് തേടി. അസ്വാഭാവിക മരണത്തിന് കളമശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

Related Articles

Latest Articles