Thursday, May 16, 2024
spot_img

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ചക്കുളത്തുകാവ് പൊങ്കാല നാളെ, അനുഗ്രഹം കാത്ത് ആയിരങ്ങള്‍; ഭക്തിസാന്ദ്രമായ നിമിഷങ്ങൾ ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

എടത്വ: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ്‌ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നാളെ. പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ അറിയിച്ചു. പൊങ്കാലയിൽ 5 ലക്ഷം പേർ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഭക്തിസാന്ദ്രമായ നിമിഷങ്ങൾ തത്വമയി നെറ്റ്‌വർക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി തത്സമയം സംപ്രേക്ഷണം ചെയ്യും.

പുലര്‍ച്ചെ നാലിന്‌ നിർമ്മാല്യദർശനം, അഷ്‌ടദ്രവ്യ മഹാഗണപതി ഹോമവും ഒന്‍പതിന്‌ വിളിച്ചു ചൊല്ലി പ്രാർത്ഥനയും നടക്കും. തുടര്‍ന്ന്‌ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്‌ണന്‍ നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക്‌ അഗ്നി ജോലിപ്പിച്ചുകൊണ്ട്‌ പൊങ്കാലയ്‌ക്ക് തുടക്കം കുറിക്കും. ക്ഷേത്ര മുഖ്യ കാര്യദര്‍ശി ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ മേല്‍ശാന്തി അശോകന്‍ നമ്പൂതിരി, രഞ്‌ജിത്ത്‌ ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജിവ്‌ ചന്ദ്രശേഖര്‍ പൊങ്കാലയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും.

11 ന്‌ 500ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച്‌ ഭക്‌തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.

ഭക്തിസാന്ദ്രമായ നിമിഷങ്ങൾ തത്സമയം വീക്ഷിക്കുന്നതിന് https://bit.ly/3ZsU9qm എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്.

Related Articles

Latest Articles