ചേർത്തല : ഓഹരി വിപണിയിൽ അമിതലാഭം വാഗ്ദാനം ചെയ്ത് മലയാളികളായ ഡോക്ടർ ദമ്പതിമാരില്‍ നിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസിൽ രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റിൽ. തായ്‌വാനില്‍ താമസിക്കുന്ന വെയ് ചുങ് വാൻ, ഷെൻ ഹോ എന്നിവരെയാണ് അഹമ്മദാബാദിൽ വച്ച് ഗുജറാത്ത് പോലീസ് പിടികൂടിയത്. ഇവരെ കേരളാ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കഴിഞ്ഞ ജൂണിലാണ് മലയാളികളായ ഡോക്ടർ ദമ്പതിമാരില്‍നിന്ന് പ്രതികൾ പണം തട്ടിയത്.
20 തവണയായാണ് പ്രതികൾ ഡോക്ടർ ദമ്പതികളിൽനിന്ന് തട്ടിയെടുത്തത്. തങ്ങൾ തട്ടിപ്പിനിരയായെന്ന് മനസിലായതിനുപിന്നാലെ ദമ്പതികൾ ചേർത്തല പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് സ്വദേശികളായ അനസ്, പ്രവീഷ്, അബ്ദുൾ സമദ് എന്നിവരെ അറസ്റ്റ് ചെയ്തു. പിന്നാലെ അന്യസംസ്ഥാനക്കാരായ ഭഗവൽ റാം, നിർമൽ ജയ്ൻ എന്നിവരേയും അറസ്റ്റ് ചെയ്തുഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു റാക്കറ്റാണ് തട്ടിപ്പ് നടത്തിയതെന്ന് കേരളാ പോലീസ് കണ്ടെത്തിയത്. എന്നാൽ നയതന്ത്രപരമായ ചില പരിമിതികൾ കാരണം ഇവരിലേക്ക് നേരിട്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല.
ഇതിനിടെയാണ് ഗുജറാത്തിലെ അഹമ്മദാബാദ് പോലീസ് രണ്ട് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തത്. ഇക്കാര്യം മനസിലാക്കിയ കേരളാ പോലീസ് പ്രത്യേക സംഘത്തെ അഹമ്മദാബാദിലേക്ക് അയയ്ക്കുകയും കോടതിവഴി കസ്റ്റഡിയിൽ വാങ്ങുകയുമായിരുന്നു. ട്രെയിൻ വഴി ആലപ്പുഴയിലെത്തിച്ച ഇരുവരേയും ചേർത്തല സ്റ്റേഷനിലെത്തിച്ചു. നാളെ ഇവരെ കോടതിയിൽ ഹാജരാക്കും.

