Friday, October 30, 2026

ദില്ലി കലാപ ഗൂഢാലോചന കേസ്. ഉമര്‍ ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി മൂന്നാമതും തള്ളി

ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി വീണ്ടും തള്ളി. കര്‍ശന നിയമമായ യു.എ.പി.എ (UAPA) ചുമത്തി കേസന്വേഷണം നടത്തുന്ന ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ നിലപാട് അംഗീകരിച്ചാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ പ്രതിഭാ എം. സിംഗ്, ദിനേഷ് ഭട്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇരുവര്‍ക്കുമെതിരെയുള്ള മൂന്നാമത് ജാമ്യാപേക്ഷയും തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസില്‍ ജനുവരി 5-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതിക്ക് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം, പ്രൊട്ടക്റ്റഡ് വി്റ്റ്നസുകളുടെ (രക്ഷാകവചമുള്ള സാക്ഷികള്‍) വിസ്താരം പൂര്‍ത്തിയാകുന്നതുവരെയോ അല്ലെങ്കില്‍ ഉത്തരവ് വന്ന് ഒരു വര്‍ഷം തികയുന്നതുവരെയോ (ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത്) പ്രതികള്‍ക്ക് ജാമ്യത്തിനായി സമീപിക്കാമെന്ന വ്യവസ്ഥയുണ്ട്. ഈ സമയപരിധി കഴിയുന്നതിന് മുന്‍പ് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തടവറയിലെ നീണ്ടകാലത്തെ ജയില്‍വാസവും വിചാരണ വൈകുന്നതും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് മറ്റൊരു കേസില്‍ (സൈയ്ദ് ഇഫ്തിഖര്‍ അന്റാബി കേസ്) നടത്തിയ നിരീക്ഷണങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യ മാറ്റമാണെന്ന് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാനും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍ക്ക് തങ്ങളുടെ കാര്യത്തില്‍ പ്രത്യേകമായി പുറപ്പെടുവിച്ച ഉത്തരവുകളെ അസാധുവാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനും (CAA) ദേശീയ പൗരത്വ രജിസ്ട്രി പ്രമേയങ്ങള്‍ക്കും (NRC) എതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയിലാണ് 2020 ഫെബ്രുവരിയില്‍ ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. അന്ന് ഉണ്ടായ അക്രമങ്ങളില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.കലാപത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് ദില്ലി പോലീസ് കേസെടുക്കുകയും ഉമര്‍ ഖാലിദിനെ 2020 സെപ്റ്റംബറിലും ഷര്‍ജീല്‍ ഇമാനെ അതേ വര്‍ഷം ആഗസ്റ്റിലും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ കലാപത്തിന്റെ ‘മാസ്റ്റര്‍മൈന്‍ഡുകള്‍’ ആണെന്നാണ് ദില്ലി പോലീസിന്റെ വാദം. വിചാരണ കോടതി ജസ്റ്റിസ് തള്ളിയതിനെത്തുടര്‍ന്ന് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ ഖാലിദ് സാഹിര്‍, താഹിര്‍ ഹുസൈന്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റു പല പ്രതികള്‍ക്കും നേരത്തെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും, ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാന്റെയും കേസിലെ പങ്ക് വ്യത്യസ്തമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മുന്‍ ജെ.എന്‍.യു ഗവേഷകനായ ഉമര്‍ ഖാലിദ് ആറുവര്‍ഷത്തോളമായി വിചാരണത്തടവുകാരനായി ജയിലില്‍ തുടരുകയാണ്.

Related Articles

Latest Articles