ഔറംഗബാദ്: ബിഹാറിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് 30 പേർക്ക് പൊള്ളലേറ്റു. പുലർച്ചെ 2.30 ഓടെ ഛത്ത് പൂജയ്ക്കായി പാചകം ചെയ്യുന്നതിനിടെയാണ് അപകടം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീ അണയ്ക്കുന്നതിനിടെ പൊലീസ് സംഘത്തിലെ 7 പേർക്കും പരുക്കേറ്റു. പരുക്കേറ്റ എല്ലാവരെയും സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനിൽ ഗോസ്വാമി എന്നയാളുടെ വീട്ടിൽ സ്ത്രീകൾ ഛത്ത് പ്രസാദം ഉണ്ടാക്കുന്നതിനിടെയാണ്
സംഭവം നടന്നത്. സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്ന് വീടിന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സിറ്റി പൊലീസ് സ്റ്റേഷനിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. എന്നാൽ ഇതിനിടയിൽ സിലിണ്ടർ പൊട്ടിത്തെറിക്കുകയും 7 പൊലീസുകാർ ഉൾപ്പെടെ 30 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.
നിലവിൽ പരുക്കേറ്റവർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 10 പേരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇവർക്കെല്ലാം പ്രഥമ ശുശ്രൂഷ നൽകിയിട്ടുണ്ടെന്നും നില സാധാരണ നിലയിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

