പത്തനംതിട്ട : സിനിമാ തിയറ്ററുകളില്‍ ഭക്ഷണ സാധനങ്ങള്‍ അളവില്‍ കുറച്ച് നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പത്തനംതിട്ടയിലെ പ്രമുഖ തിയറ്റര്‍ കോംപ്ലക്‌സായ ധന്യ, രമ്യ തിയറ്ററുകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു. ലീഗല്‍ മെട്രോളജിയും സിവില്‍ സപ്ലൈസും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. തിയറ്ററിലെ കാന്റീനില്‍ വില്‍പനയ്ക്ക് വെച്ചിരുന്ന പോപ്കോണ്‍, കോഫി എന്നിവയിലാണ് വന്‍ തോതില്‍ അളവു കുറവ് കണ്ടെത്തിയത്.
മീഡിയം സ്മാള്‍ വിഭാഗങ്ങളിലായായിരുന്നു പോപ്കോണ്‍ വില്പനയ്ക്ക് വെച്ചിരുന്നത്. ഇതില്‍ മീഡിയത്തില്‍ 70 ഗ്രാം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ തൂക്കം നോക്കിയപ്പോള്‍ 51 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. സ്മോള്‍ വിഭാഗത്തില്‍ 55 ഗ്രാം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ 41ഗ്രാം പോപ്കോണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. കോഫി 180 മില്ലി എന്ന് രേഖപ്പെടുത്തിയിരുന്നിടന്ന് ഉണ്ടായിരുന്നത് 105 മില്ലി മാത്രമായിരുന്നു. സിനിമ കാണാന്‍ എന്ന വ്യാജേന സാധാരണക്കാരായ കാണികളോടൊപ്പം ടിക്കറ്റെടുത്ത് തിയറ്ററിനുള്ളില്‍ കയറിയാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് കാന്റീനില്‍ നിന്ന് പോപ്കോണും കോഫിയും വാങ്ങി പുറത്തിറങ്ങിയ ശേഷമാണ് ഔദ്യോഗിക വാഹനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ തിയറ്റര്‍ കോംപ്ലക്‌സിലേക്ക് എത്തുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തത്.
തൂക്കത്തിലും അളവിലും കബളിപ്പിച്ചതിനാണ് ധന്യ, രമ്യ തിയറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിയറ്റര്‍ ഉടമ ഭക്ഷണ വില്‍പന കരാറുകാരനെയാണ് ഏല്‍പ്പിച്ചിരുന്നതെന്ന് ലീഗല്‍ മെട്രോളജി വിഭാഗം വ്യക്തമാക്കി. അതേസമയം, പരിശോധനയില്‍ ഭക്ഷണത്തിന്റെ അളവില്‍ കൃത്യത ഉണ്ടായിരുന്നെങ്കിലും വിലനിലവാര ബോര്‍ഡ് സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് സമീപത്തെ ട്രിനിറ്റി തിയറ്ററിന് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ തിയറ്ററുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

