കോഴിക്കോട്: ഭീതിയുടെ രാപ്പകലുകള്‍ക്കിടയിലൂടെ ഒരു നാട് കടന്നുപോയതിന്റെ ഓര്‍മ്മയ്ക്ക് ഒരു വര്‍ഷം. നിപ്പ ബാധിതരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പരിചരിച്ച സിസ്റ്റര്‍ ലിനിയുടെ മരണം വലിയ ആഘാതമായി. മൃതദേഹങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അതീവ കരുതലോടെ മറവു ചെയ്തു. അന്ത്യാഞ്ജലി പോലുമര്‍പ്പിക്കാന്‍ കഴിയാതെ സംസ്‌കാരങ്ങള്‍ നടത്തേണ്ടി വന്നു.
കഴിഞ്ഞ മേയ് ഇരുപതിനായിരുന്നു കോഴിക്കോട് നിപ ബാധ സ്ഥിരീകരിച്ചത്. അന്നു മുതല്‍ കോഴിക്കോട് അക്ഷരാര്‍ഥത്തില്‍ നിശ്ചലമാവുകയായിരുന്നു. കോഴിക്കോട്ടും മലപ്പുറത്തുമായി പതിനേഴുപേരാണ് മരിച്ചത്. നിപയെക്കുറിച്ചോര്‍ക്കുമ്പോള്‍ കോഴിക്കോട്ടുകാരുടെ മനസില്‍നിന്നു പേടിയൊഴിയുന്നില്ല.
നിപ ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്ന രണ്ടായിരത്തോളം പേരെ നിരീക്ഷണത്തിലാക്കി. പിന്നീടുള്ള ചിട്ടയായ പ്രവര്‍ത്തനത്തിനൊടുവിലാണ് നിപയെ പിടിച്ചുകെട്ടിയത്. മരണത്തിനു തൊട്ടുമുന്‍പ് എടുതിയ ലിനിയുടെ അവസാന കത്ത് കേരളത്തെയാകെ നൊമ്പരപ്പെടുത്തുന്നതായിരുന്നു.

