തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി (Anthony Raju) ആന്‍റണി രാജു . നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച രാമചന്ദ്രന്‍ കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തിയാലുടന്‍ നടപടിയിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.മിനിമം ചാര്‍ജ്ജ് 12 രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു.
രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ അനിശ്ചിത കാല സമരത്തിലേക്ക് പോകാനൊരുങ്ങുകയാണ് സ്വകാര്യ ബസുടമകള്‍. ഇന്ധനവില ഉയര്‍ന്നതും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും മൂലമാണ് സ്വകാര്യ ബസുടമകള്‍ ചാർജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്.

