ഭോപ്പാൽ: അസദുദ്ദീന്‍ ഒവൈസി എംപിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിന്റെ ദേശീയ നേതാവിന് നേരെ കറുത്ത പൊടി എറിഞ്ഞ് പ്രതിഷേധം. പാർട്ടിയുടെ ദേശീയ വക്താവും മുൻ എംഎൽഎയുമായ വാരിസ് പത്താന്റെ (AIMIM Leader Waris Pathan) മുഖത്താണ് കറുത്ത പൊടി എറിഞ്ഞ് പ്രതിഷേധം ഉണ്ടായത്. പത്താൻ ഖജരാനയിലെ ഒരു ദർഗയിൽ പ്രാർത്ഥന നടത്താൻ എത്തിയപ്പോഴാണ് സംഭവം നടന്നത്.
ദർഗയിൽ പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ പത്താന്റെ സമീപത്തേക്ക് ഒരു യുവാവ് ചെല്ലുകയും പത്താന് മാല ചാർത്തിയ ശേഷം മുഖത്ത് കറുത്ത പൊടി കലർന്ന വസ്തു വാരിയിടുകയുമായിരുന്നു. സംഭവവമുമായി ബന്ധപ്പെട്ട് സമീപവാസിയായ സദ്ദാം(32) എന്നയാൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ സമൂഹത്തിൽ പത്താൻ നടത്തിയ വിവാദ പ്രസ്താവനകളിലും വിദ്വേഷപ്രസംഗത്തിലും തനിക്ക് അമർഷമുണ്ടെന്നും അതിനാലാണ് മുഖത്ത് കറുത്ത് ചായം തേച്ചതെന്നും സദ്ദാം വെളിപ്പെടുത്തി. എന്നാൽ ആളുകൾ തന്നെ സ്നേഹിക്കുന്നുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നായിരുന്നു വാരിസ് പത്താന്റെ പ്രതികരണം. തിന്മയിൽ നിന്ന് രക്ഷിക്കാൻ അജ്ഞാതനായ ഒരാൾ തന്നെ മാല അണിയിക്കുകയും മുഖത്ത് കറുത്ത ചായം പൂശുകയുമായിരുന്നുവെന്ന് പത്താൻ പറഞ്ഞു.എന്നാൽ കൊലവിളി പ്രസംഗത്തിന്റെയും വിദ്വേഷ പ്രസംഗത്തിന്റേയും പേരിൽ ഇതിന് മുൻപും പത്താനെതിരെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.
ഇതിന് മുൻപ് 100 കോടി ഹിന്ദുക്കളെ ഭയപ്പെടുത്താൻ 15 കോടി മുസ്ലീങ്ങൾ മതിയെന്ന കൊലവിളി പ്രസംഗം നടത്തിയ വാരിസ് പത്താനെതിരെ മുസ്ലീങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. വാരിസ് പറഞ്ഞ 15 കോടിയിൽ തങ്ങളില്ലെന്നായിരുന്നു അന്ന് പലരുടെയും പ്രതികരണം. സാമുദായിക കലാപമാണ് വാരിസിന്റെ ലക്ഷ്യമെന്ന് ആരോപണവുമുയർന്നിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ ഇയാൾക്കെതിരെ പരസ്യമായ പ്രതിഷേധം ഉയർന്നിരിക്കുന്നത്.

