ദില്ലി: ബിജെപിക്ക് ദ്രാവിഡ ശൈലിയിൽ പുതിയ ഓഫീസ് മന്ദിരം വരുന്നു.പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് നിന്ന് 835 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഓഫീസിന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തറക്കല്ലിട്ടു. 2024 അവസാനത്തോടെ കെട്ടിടം സജ്ജമാകുമെന്ന് പാർട്ടിയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.2025 ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവായി ഈ ഓഫീസിനെ ഉപയോഗിക്കുമെന്നും പ്രവർത്തകർ വ്യക്തമാക്കി.
മാദ്ധ്യമങ്ങൾക്കും സോഷ്യൽ മീഡിയ ഡിവിഷനുകൾക്കുമായി വാർ റൂമുകൾക്കുപുറമെ വലിയ ഓഡിറ്റോറിയവും കെട്ടിടത്തിൽ ഒരുക്കുന്നുണ്ട്.വലിയ ടവറുകളുള്ള ഒരു ഘടനയായാണ് ഓഫീസ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് പാർട്ടിപ്രവർത്തകർ പറയുന്നു. കൊത്തിയെടുത്ത തൂണുകൾ ഉൾപ്പടെ ദ്രാവിഡ വാസ്തുവിദ്യയുടെ എല്ലാ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.പാർക്കിംഗിനായുള്ള സൗകര്യങ്ങളും അതോടൊപ്പം രണ്ട് നിലകളുള്ള ബേസ്‌മെന്റും ഒരു കാന്റീനും ഉണ്ടായിരിക്കുമെന്ന് പ്രവർത്തകർ കൂട്ടിച്ചേർത്തു.
ഒന്നാം നിലയിൽ ഓഡിറ്റോറിയവും രണ്ടാം നിലയിൽ എക്‌സിക്യൂട്ടീവ് യൂണിറ്റുകളും പാർട്ടി സ്റ്റാഫ് ഓഫീസും ഉണ്ടായിരിക്കുമെന്നും പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരും മറ്റ് ഭാരവാഹികളും സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള പ്രഭരിയും മൂന്നാം നിലയിൽ ആയിരിക്കുമെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്റെയും ആർഎസ്എസ് നിയോഗിച്ച ജനറൽ സെക്രട്ടറിയുടെയും ഓഫീസ് നാലാം നിലയിലായിരിക്കുമെന്നും പാർട്ടി പ്രവർത്തകർ വ്യക്തമാക്കി.

