തിരുവനന്തപുരം : സൈബര് സാമ്പത്തിക തട്ടിപ്പുകളില് ജനങ്ങള് ജാഗ്രത പാലിക്കണമെന്ന കര്ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്നെറ്റില് തിരയുന്ന കസ്റ്റമര് കെയര് നമ്പറുകള് വഴി പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടുന്ന തട്ടിപ്പുകള് സംസ്ഥാനത്ത് വര്ധിച്ചുവരുന്നതായി പൊലീസ് വ്യക്തമാക്കി. ബാങ്കുകള്, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകള് തുടങ്ങിയ വിവിധ പ്രമുഖ സ്ഥാപനങ്ങളുടെ പേരില് വ്യാജ നമ്പറുകള് ഇന്റര്നെറ്റില് പോസ്റ്റ് ചെയ്താണ് തട്ടിപ്പുകാര് ഉപഭോക്താക്കളെ വലയിലാക്കുന്നത്.
സഹായത്തിനായി ഉപഭോക്താക്കള് ഇത്തരം നമ്പറുകളിലേക്ക് വിളിക്കുമ്പോള് സാധാരണയായി ഫോണ് കണക്റ്റ് ആകില്ല. തുടര്ന്ന് കസ്റ്റമര് സപ്പോര്ട്ട് ഏജന്റാണെന്ന വ്യാജേന തട്ടിപ്പുകാര് തിരികെ വിളിക്കുകയാണ് ചെയ്യുന്നത്. പരാതി പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് ഫോണില് ‘റിമോട്ട് ആക്സസ്’ അല്ലെങ്കില് ‘സ്ക്രീന് ഷെയറിംഗ്’ ആപ്പുകള് ഇന്സ്റ്റാള് ചെയ്യാന് ഇവര് ആവശ്യപ്പെടും. തുടര്ന്ന് രജിസ്ട്രേഷന് ഫീസെന്നോ വെരിഫിക്കേഷന് ഫീസെന്നോ പറഞ്ഞ് അഞ്ച് രൂപ പോലെയുള്ള ചെറിയ തുകകള് ഓണ്ലൈനായി അടയ്ക്കാന് നിര്ദ്ദേശിക്കും. ഇതിലൂടെ ബാങ്കിംഗ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോര്ത്തി വന് സാമ്പത്തിക തട്ടിപ്പാണ് ഇവര് നടപ്പിലാക്കുന്നത്. ഗൂഗിളില് തിരയുമ്പോള് ലഭിക്കുന്ന കസ്റ്റമര് കെയര് നമ്പറുകള് പൂര്ണ്ണമായി വിശ്വസിക്കരുതെന്ന് പൊലീസ് കര്ശനമായി മുന്നറിയിപ്പ് നല്കുന്നു.
ഏതൊരു സേവനത്തിനും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കുക. അജ്ഞാതരുടെ ആവശ്യപ്രകാരം യാതൊരു കാരണവശാലും റിമോട്ട് ആക്സസ് ആപ്പുകള് ഫോണില് ഇന്സ്റ്റാള് ചെയ്യുകയോ രജിസ്ട്രേഷന് ഫീസുകള് അടയ്ക്കുകയോ ചെയ്യരുത്. ഒടിപി (OTP), പിന് (PIN), പാസ്വേഡ്, എടിഎം കാര്ഡ് വിവരങ്ങള് തുടങ്ങിയവ ആരുമായും പങ്കുവെക്കരുത്. ഫോണ് സംഭാഷണത്തിനിടെ എന്തെങ്കിലും സംശയം തോന്നിയാല് ഉടന് കോള് അവസാനിപ്പിച്ച് ഔദ്യോഗിക മാര്ഗ്ഗങ്ങള് വഴി ബന്ധപ്പെടുകയോ തൊട്ടടുത്ത ബ്രാഞ്ച് നേരിട്ട് സന്ദര്ശിക്കുകയോ ചെയ്യുക.
ഏതെങ്കിലും തരത്തിലുള്ള സൈബര് സാമ്പത്തിക തട്ടിപ്പിനിരയായാല് ഉടന്തന്നെ 1930 എന്ന സൈബര് ഹെല്പ് ലൈന് നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര് ക്രൈം പോര്ട്ടല് വഴിയോ പരാതി നല്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു.

