Thursday, May 30, 2024
spot_img

ദില്ലി മദ്യനയഅഴിമതിക്കേസ്; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 9 മണിക്കൂർ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു

ദില്ലി : മദ്യനയഅഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ ഒമ്പതു മണിക്കൂറോളം ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ഇന്ന് രാവിലെ 11 മണിയോടെ സിബിഐ ആസ്ഥാനത്ത് എത്തിയ കെജ്‌രിവാൾ രാത്രി എട്ടുമണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കി മടങ്ങിയത്.

സിബിഐ തന്നോട് 56 ചോദ്യങ്ങള്‍ ചോദിച്ചെന്നും മദ്യനയം നിലവില്‍വന്ന 2020 മുതലുള്ള എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിച്ചുവെന്നും ചോദ്യംചെയ്യലിനു ശേഷം പുറത്തെത്തിയ കെജ്‌രിവാള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മദ്യനയക്കേസിലെ സാക്ഷിയായാണ് കെജ്‌രിവാളിനെ സി.ബി.ഐ. ചോദ്യം ചെയ്യാന്‍ ഇന്ന് വിളിച്ചുവരുത്തിയത്. രാവിലെ രാജ്ഘട്ടിലെ പ്രാര്‍ഥനയ്ക്കു ശേഷം സി.ബി.ഐ. ആസ്ഥാനത്തെത്തിയ കെജ്‌രിവാളിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഡല്‍ഹി മന്ത്രിസഭാംഗങ്ങള്‍, മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവർ അനുഗമിച്ചിരുന്നു. എന്നാൽ ഇവരെ പോലീസ് തടഞ്ഞു.

ഇതില്‍ പ്രതിഷേധിച്ച് പ്രവർത്തകരും നേതാക്കളും റോഡില്‍ കുത്തിയിരുന്നു. നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, അതിഷി, കൈലാഷ് ഗഹ്‌ലോട്ട് എം.പിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, എന്നിവരേയും പോലീസ് കരുതല്‍ തടങ്കലിലാക്കി.

കെജ്‌രിവാളിനെ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് വൈകുന്നേരം എഎപി അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു.

Related Articles

Latest Articles