ദില്ലി: ദുബായിൽ നിന്ന് സ്വർണ്ണം കടത്താൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പേഴ്സണൽ അസിസ്റ്റന്റ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ദില്ലി വിമാനത്താവളത്തിൽ നിന്നാണ് ശശി തരൂരിന്റെ പിഎ ശിവകുമാർ അറസ്റ്റിലാകുന്നത്. ഐജിഐ എയർപോർട്ടിലെ ടെർമിനൽ 3ൽ നിന്നാണ് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഇയാളുടെ കൂട്ടാളികളിൽ ഒരാളിൽ നിന്ന് സ്വർണ്ണം വാങ്ങുന്നതിനിടെയാണ് ശിവകുമാർ കസ്റ്റംസിന്റെ പിടിയിലാകുന്നത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ആളിൽ നിന്നാണ് ശിവകുമാർ സ്വർണ്ണം കൈപ്പറ്റിയത്. 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണിതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ ഉറവിടം സംബന്ധിച്ച് ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും ശിവകുമാർ വിവരം കൈമാറിയില്ലെന്നാണ് സൂചന.
എന്തിനാണ് സ്വർണ്ണം കൊണ്ടുവന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ വിവരം നൽകാനോ സ്വർണ്ണത്തിന്റെ രേഖകൾ ഹാജരാക്കാനോ ശിവകുമാറിന് സാധിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നിലവിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവകുമാറിനെ ചോദ്യം ചെയ്ത് വരികയാണ്.

