ദില്ലി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി സിഎഎ വഴി പൗരത്വം നൽകിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പശ്ചിമ ബംഗാൾ, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പൗരത്വം നൽകിയത്. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിനു മുന്‍പായാണ് കേന്ദ്രസര്‍ക്കാർ നടപടി.
ബംഗാളിൽ സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് പൗരത്വം നൽകിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍, പൗരത്വ ഭേദഗതി നിയമപ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക് പൗരത്വം നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. 2019 ഡിസംബറില്‍ നിയമം പാസാക്കിയെങ്കിലും ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇതിനു ചട്ടങ്ങള്‍ രൂപീകരിച്ചത്. മൂന്ന് രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുക.

