Friday, April 26, 2024
spot_img

പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി നീട്ടി ;’എന്‍ഐഎയുടെ ആവശ്യപ്രകാരമാണ് കാലാവധി നീട്ടിയത്

ദില്ലി: ചോദ്യം ചെയ്യലിനായി പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കി ദില്ലി എൻഐഎ കോടതി. എന്‍ഐഎയുടെ ആവശ്യപ്രകാരം അഞ്ച് ദിവസത്തേക്കാണ് പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി നീട്ടിയത്. ഇതിനിടെ അബുദാബിയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പിഎഫ്ഐ ഇന്ത്യയിലേക്ക് കോടികളുടെ ഹവാല പണം ഒഴുക്കിയതായി ഇഡി കോടതിയെ അറിയിച്ചു.

നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പത്തൊമ്പത് പ്രതികളെയും കോടതിയില്‍ ഹാജരാക്കിയത്. വിശദമായ ചോദ്യം ചെയ്യല്‍ വേണ്ടതിനാല്‍ അഞ്ച് ദിവസം കൂടി കസ്റ്റഡി വേണമെന്ന് അന്വേഷ ഏജന്‍സി കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് ദില്ലി എന്‍ഐഎ കോടതി അംഗീകരിക്കുകയായിരുന്നു. റിമാന്‍ഡ് റിപ്പോർട്ടും എഫ്ഐആറിന്‍റെ പകർപ്പും ഇന്നും പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് അനുവദിക്കപ്പെട്ടില്ല. അതേസമയം പോപ്പുലർ ഫ്രണ്ടിന്‍റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഇ‍ഡി കൂടുതല്‍ കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചു. വ്യാജ സംഭാവന രസീതുകള്‍ ഉണ്ടാക്കി അബുദാബിയിലെ ധർബാർ ഹോട്ടല്‍ ഹബ്ബാക്കിയാണ് ഇന്ത്യയിലേക്ക് പിഎഫ്ഐ ഹവാല പണമൊഴുക്കിയത് എന്നാണ് ഇ‍ഡി കണ്ടെത്തല്‍. നേരത്തെ അറസ്റ്റ് ചെയ്ത അബുദുള്‍ റസാക്ക് ബിപിയാണ് ഹോട്ടലിലെ ഹവാല ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നും ഇഡി ആരോപിക്കുന്നു. ടാമർ ഇന്ത്യ എന്ന ഇയാളുടെ മറ്റൊരു സ്ഥാപനവും ഹവാല ഇടപാടിനായി ഉപയോഗിച്ചുവെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.

ഇതിനിടെ പിഎഫ്ഐ നേതാക്കളുടെ അറസ്റ്റിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച പിഎഫ്ഐ നേതാവ് അബ്ദുള്‍ മജീദിനെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ലക്നൗവില്‍ വച്ച് ഇന്ന് അറസ്റ്റ് ചെയ്തു. ഐഎസ്, പിഎഫ്ഐ ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് എസ്ടിഎഫ് വൃത്തങ്ങള്‍ പറ‌ഞ്ഞു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച തെരച്ചിലിലാണ് അബ്ദുള്‍ മജീദിനെ അറസ്റ്റ് ചെയ്തതെന്നാണ് എസ്ടിഎഫ് വ്യക്തമാക്കുന്നത്.

Related Articles

Latest Articles