Sunday, May 5, 2024
spot_img

ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ വ്യവസായികളുടെ സമ്മര്‍ദ്ദം; പിന്തുണയെന്ന് മറിയം നവാസ്

ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കണം. സാമ്പത്തിക രംഗം പുരോഗതി നേടണമെങ്കില്‍ ഇന്ത്യന്‍ വ്യവസായ ലോകത്തിന്റെ സഹായം വേണം. പാക്കിസ്ഥാനിലെ വ്യവസായികളുടെ ആവശ്യത്തിന് പാക്ക് രാഷ്ട്രീയത്തിലും പിന്തുണ ഏറുകയാണ്. ഇസ്ലാമിക രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുമായി കൈകോര്‍ക്കണമെന്ന് പാകിസ്ഥാന്‍ വ്യവസായ സമൂഹത്തിന്റെ നേതാക്കള്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് അഭ്യര്‍ത്ഥിച്ചു എന്നതാണ് പുതിയ വാര്‍ത്ത. ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാകാന്‍ ഒരുങ്ങുന്ന ഇന്ത്യയോട് ശത്രുത പുലര്‍ത്തുന്നത് സാമ്പത്തികമോ നയതന്ത്രപരമോ ആവട്ടെ ഒരു തരത്തിലും ബുദ്ധിപരമായ തീരുമാനമല്ല. ഇതാണ് ഇപ്പോള്‍ പാക്കിസ്ഥാനിലെ വിവരമുള്ള പലരും സര്‍ക്കാരിനെ ഉപദേശിക്കുന്നത്. എന്നാല്‍ ഭരണനിയന്ത്രണത്തില്‍ മതനേതാക്കള്‍ പോലും ഇടപെടുന്ന പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യത്തില്‍ ഒരു മാറ്റം് ഒട്ടും പ്രായോഗികമല്ല.

കഴിഞ്ഞ പത്തു വര്‍ഷക്കാലമായി ഇന്ത്യ നേടുന്ന സാമൂഹ്യമാറ്റങ്ങളും സാമ്പത്തികപുരോഗതിയും പാക്കിസഥാനിലെ വെളിവുള്ളവരുടെ കണ്ണു തുറപ്പിക്കുന്നുണ്ട്. മതത്തിന്റെ പേരില്‍ തീവ്രവാദം കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന ചീത്തപ്പേരുമാത്രമല്ല, ആട്ടയ്ക്കും ഗോതമ്പിനും പോലും അമേരിക്കയുടേയും ജൂതരുടേയും മുന്നില്‍ കൈനീട്ടി നില്‍ക്കുകയാണ് പാക്കിസ്ഥാന്‍. പാപ്പര്‍ പദവി എന്ന തീരാക്കളങ്കം രാജ്യത്തെ തുറിച്ചു നോക്കുന്നു. ലോകരാജ്യങ്ങളുടെ ഉപരോധം ഭയന്നാണ് സൈനികമേധാവികള്‍ പോലും പാക്കിസ്ഥാനില്‍ അധികാര അട്ടിമറി നടത്താത്തത്. ഇന്ത്യയുമായി സൗഹൃദത്തില്‍ എത്താനായാല്‍ അത് പാക്കിസ്ഥാന്റെ വ്യാവസായിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കാരണമാകുമെന്ന വാദം ബലപ്പെടുകയാണ്.

പുല്‍വാമ സംഭവങ്ങള്‍ക്കു ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഉഭയകക്ഷി ബന്ധം ആഴത്തില്‍ മരവിച്ചു കിടക്കുകയാണ്. 2019 ലെ ആക്രമണത്തിന് ശേഷം സ്വാഭാവികമായ ബന്ധങ്ങള്‍ പോലും തകര്‍ന്നു. ഇത് മെച്ചെപ്പെടുത്താന്‍ ഒരു ശ്രമം പോലും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായില്ല. അതു മാത്രമല്ല ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതും തിരിച്ചടിയായത് പാകിസ്ഥാനാണ്. ഇത് അവരുടെ വ്യാവസായിക താല്‍പ്പര്യങ്ങളെ വളരെയധികം വ്രണപ്പെടുത്തി. വ്യവസായ സമൂഹം മാത്രമല്ല, പാക്കിസ്ഥാനിലെ ധനമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയക്കാരും ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ വാതിലുകള്‍ തുറക്കാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.

മുസ്ലീം ലീഗ് നേതാവ് നവാസ് ഷെരീഫിന്റെ മകളും പാക് പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസ്, മെച്ചപ്പെട്ട ഇന്ത്യ-പാക് ബന്ധത്തിനായി സംസാരിച്ചതാണ് ഇവിടെ ശ്രദ്ധേയം. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അതേ കുടുംബമാണല്ലോ. അവരുടെ രാഷ്ട്രീയ സ്വാധീനം കണക്കിലെടുക്കുമ്പോള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും എല്ലായ്പ്പോഴും ആക്രമണ സ്വഭാവം പുലര്‍ത്തിയിരുന്ന മുന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് വിപരീതമായി, ബന്ധം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമായ മാറ്റമായി കാണാവുന്നതാണ് . പാകിസ്ഥാന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലായിരിക്കുന്ന സമയത്ത് ഇന്ത്യയുമായി അനുരഞ്ജനത്തിന് ശ്രമിക്കുന്നവരില്‍ ഇസ്ലാമാബാദിലെയും ലാഹോറിലെയും ഉന്നതരും ഉള്‍പ്പെടുന്നു. അതിര്‍ത്തിയിലെ മറ്റൊരു എതിരാളികളായ ചൈന ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുമായി ഇന്ത്യ വ്യാപാരം നടത്തുന്നുണ്ടെന്ന തിരിച്ചറിവ് പാക്കിസ്ഥാനിലും ഉണ്ട്, പിന്നെ എന്തുകൊണ്ട് പാകിസ്ഥാന് പാടില്ല എന്നതാണ് ചോദ്യം.

എന്നാല്‍ റാവല്‍പിണ്ടിയിലെ സമാന്തര ശക്തി കേന്ദ്രം പാക്ക് സൈന്യം തന്നെയാണ്. ആ രാജ്യത്തിന്റെ സമസ്ത കേന്്ദ്രങ്ങളേയും നിയന്ത്രിക്കുന്ന സൈന്യം സമാധാന ശ്രമങ്ങള്‍ക്ക് ഉണ്ടാകുമോ എന്നത് സംശയമാണ്. സൈന്യത്തിന് നേരിട്ട തോല്‍വിയുടെ കയ്‌പേറിയ ചരിത്രം കണക്കിലെടുത്ത് സൈന്യം അതിനു തയ്യാറാകുമെന്നും തോന്നുന്നില്ല. പ്രധാനമന്ത്രി മോദിക്ക് കീഴില്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ മാറി. ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ മാനസികാവസ്ഥ മാറിയിരിക്കുന്നു. പാകിസ്ഥാന്‍ ജനറല്‍മാരും തന്ത്രജ്ഞരും ചിന്തകരും അറിഞ്ഞിരുന്ന ഇന്ത്യയല്ല ഇന്നുള്ളത്. അതിനാല്‍ ഭാവി കണക്കിലെടുത്ത് തീരുമാനമെടുക്കേണ്ടത് പാക്കിസ്ഥാനാണ്. ഐഎംഎഫിന്റെ തിണ്ണ നിരങ്ങുന്നവര്‍ ഇനിയെങ്കിലും ആലോചിക്കട്ടെ

Related Articles

Latest Articles