Thursday, June 6, 2024
spot_img

വേശ്യാലയത്തില്‍ നിന്നും യുവാവ് സഹോദരിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ: അഭിനന്ദനവുമായി ദില്ലി പോലീസ്

ദില്ലി: ഗുണ്ടകളുടെയും മാഫിയകളുടെയും സംരക്ഷണയിലുള്ള വേശ്യാലയത്തില്‍ കസ്റ്റമറായി വേഷം കെട്ടിച്ചെന്ന് സ്വന്തം സഹോദരിയെ രക്ഷിച്ച കൊല്‍ക്കത്ത സ്വദേശിയായ യുവാവ് ഇന്ന് ദില്ലി പോലീസിന്‍റെ ഹീറോയാണ്. ദില്ലി പോലീസ് ഡപ്യൂട്ടി കമ്മിഷണര്‍ മന്‍ദീപ് സിംഗ് രണ്‍ധാവയാണ് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവാവിന്‍റെ ധീരത മാധ്യമങ്ങളുമായി പങ്കുവച്ചത്.

കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത സഹോദരിയെ കഴിഞ്ഞ ജൂണ്‍ 10 മുതലാണ് കാണാതാകുന്നത്. അന്ന് മുതല്‍ കുടുംബം യുവതിക്കായുള്ള അന്വേഷണത്തിലായിരുന്നു. ഇക്കഴിഞ്ഞ ദിവസം ദില്ലിയിലെ ജി ബി റോഡിലുള്ള വേശ്യാലയത്തില്‍ എത്തിയ ഒരു കൊല്‍ക്കത്ത സ്വദേശിയാണ് യുവതിയെ അവിടെ വച്ച് പരിചയപ്പെട്ടത്. തന്‍റെ അവസ്ഥ യുവതി അയാളോട് പറഞ്ഞ് രക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. മെച്ചപ്പെട്ട ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് യുവതിയെ ഒരു സ്ത്രീ ദില്ലിയില്‍ എത്തിക്കുകയായിരുന്നു. അവിടെ ഒരു ഏജന്‍റ് കാത്തുനിന്നു. മൊബൈല്‍ ഫോണും മറ്റും പിടിച്ചുവാങ്ങിയ പെണ്‍വാണിഭ സംഘം യുവതിയെ വേശ്യാലയത്തില്‍ പലര്‍ക്കായി കാഴ്ച വച്ചു. സഹകരിക്കും വരെ കൊടും പീഢനവും നടന്നു.

പെണ്‍കുട്ടിയുടെ അവസ്ഥ മനസ്സിലാക്കിയ യുവാവ് സഹോദരന്‍റെ വിശദാംശങ്ങള്‍ മനസ്സിലാക്കി ആളെ വിവരം അറിയിച്ചു. ദില്ലിയില്‍ എത്തിയ സഹോദരന്‍ കസ്റ്റമറായി അഭിനയിച്ച് വേശ്യാലയത്തില്‍ എത്തി അവിടെയുള്ളത് സ്വന്തം സഹോദരിയാണെന്ന് ഉറപ്പുവരുത്തിയശേഷം ദില്ലി പോലീസിനെ അറിയിക്കുകയായിരുന്നു

മാഫിയകള്‍ ഭരിക്കുന്ന വേശ്യാലയങ്ങളില്‍ സാധാരണക്കാര്‍ക്ക് കടന്നുചെല്ലുക ബുദ്ധിമുട്ടാണ്. ചെറിയ സംശയം ഉണ്ടായാല്‍ പോലും അവര്‍ പ്രതികരിക്കും. സ്വന്തം സഹോദരിയെ രക്ഷിക്കാന്‍ യുവാവ് കാണിച്ച ധീരത അതിനാല്‍ തന്നെ പ്രശംസിക്കപ്പെടേണ്ടതാണെന്ന് ദില്ലി പോലീസ് പറഞ്ഞു.സംഭവത്തില്‍ വേശ്യാലയ നടത്തിപ്പുകാര്‍ക്കെതിരെ ദില്ലി പോലീസ് കേസെടുത്തു. യുവതിയെ കടത്തിക്കൊണ്ടുവന്ന സ്ത്രീയെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ് ദില്ലി പോലീസ്.

Related Articles

Latest Articles