Sunday, June 16, 2024
spot_img

പീഡനക്കേസും നീളുന്നത് കെജ്‌രിവാളിലേക്ക് ? സ്വാതി മാലിവാളിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ദില്ലി പോലീസ്; ആം ആദ്‌മി പാർട്ടി പ്രതിരോധത്തിൽ

ദില്ലി: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്‌മി പാർട്ടിക്കും വീണ്ടും തിരിച്ചടി. സ്വാതി മാലിവാളിന്റെ പരാതിയിൽ കെജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുന്നതായി സൂചന. മുഖ്യമന്ത്രി തന്നെയാണ് എക്‌സിലൂടെ വിവരം പങ്കുവച്ചിരിക്കുന്നത്. സ്വാതി മർദ്ദനത്തിന് ഇരയായത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ്. അവിടെ ഉണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. ഇതിന്റെ ഭാഗമായിട്ടാണ് അരവിന്ദ് കെജ്‌രിവാളിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ മെയ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ വസതി സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ പി എ ബൈഭവ് കുമാർ തന്നെ ക്രൂരമായി മർദ്ദിച്ചു എന്നാണ് രാജ്യസഭാ എംപി യും ആം ആദ്‌മി പാർട്ടി നേതാവുമായ സ്വാതി മാലിവാൾ നൽകിയ പരാതിയിൽ പറയുന്നത്. ആ സമയത്ത് മുഖ്യമന്ത്രി വസതിയിൽ ഉണ്ടായിരുന്നുവെന്ന മൊഴി കെജ്‌രിവാളിന് കുരുക്കാകുകയാണ്. മുഖ്യപ്രതിയും കെജ്‌രിവാളിന്റെ വിശ്വസ്തനുമായ ബൈഭവ് കുമാർ അറസ്റ്റിലായിട്ടുണ്ട്.

ദില്ലി മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യത്തിലാണ് കെജ്‌രിവാൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ 2 വരെയാണ് സുപ്രീംകോടതി ജാമ്യം നൽകിയിരിക്കുന്നത്. ഈ സമയത്ത് വനിതാ രാജ്യസഭാ എം പി ആക്രമിക്കപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രിക്ക് വേണ്ടി കേസ് വാദിക്കുന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിക്കായി രാജ്യസഭാ സീറ്റ് ഒഴിയാൻ കെജ്‌രിവാൾ സ്വാതിക്ക് മേൽ സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. പ്രതിക്ക് വേണ്ടി മുഖ്യമന്ത്രിയും പാർട്ടിയും സമരം ചെയ്യാൻ തെരുവിലിറങ്ങിയതിൽ ജനങ്ങൾക്കിടയിലും അമർഷമുണ്ട്.

Related Articles

Latest Articles