Saturday, September 19, 2026

82 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പെന്ന് സംശയം; അപ്പോളോ ജൂവലറി ഗ്രൂപ്പ് കേന്ദ്രങ്ങളിൽ ഇ ഡി റെയ്‌ഡ്‌; അപ്പോളോ ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; മാനേജിങ് ഡയറക്ടർ മൂസ ഹാജി ചാരപറമ്പിൽ ഒളിവിൽ ?

തിരുവനന്തപുരം: അപ്പോളോ ജൂവലറി ഗ്രൂപ്പ് കേന്ദ്രങ്ങളിൽ നടന്ന ഇ ഡി റെയ്‌ഡിൽ 80 ലക്ഷം രൂപയും നിർണ്ണായക രേഖകളും പിടിച്ചെടുത്തു. ഈ മാസം 17 നാണ് കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ അപ്പോളോ ഗ്രൂപ്പിന്റെ 11 കേന്ദ്രങ്ങളിൽ റെയ്‌ഡ്‌ നടന്നത്, അപ്പോളോ ഗ്രൂപ്പിന്റെയും സമാന ഗ്രൂപ്പിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഡയറക്ടർമാരുടെയും വീടുകളിലും ഓഫീസുകളിലുമാണ് റെയ്‌ഡ്‌ നടന്നത്. റെയ്‌ഡിനെ തുടർന്ന് 52.34 ലക്ഷം രൂപ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 27.49 ലക്ഷം രൂപ പണമായി പിടിച്ചെടുക്കുകയും ചെയ്‌തു.

കേരള പോലീസ് രജിസ്റ്റർ ചെയ്‌ത ആറോളം കേസുകളിലാണ് ഇ ഡി യുടെ പരിശോധന നടന്നിരിക്കുന്നത്. അപ്പോളോ ജൂവലറി ലാഭ വിഹിതം വാഗ്‌ദാനം ചെയ്‌ത്‌ ലഘു നിക്ഷേപ പദ്ധതികൾ രൂപീകരിക്കുകയും ഈ പദ്ധതിയനുസരിച്ച് കോടിക്കണക്കിന് രൂപ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുകയും ചെയ്‌തു. ഒരു ലക്ഷം രൂപയ്ക്ക് ആയിരം രൂപ പ്രതിമാസ ലാഭവിഹിതമാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്‌. ഒരു വർഷത്തിലധികം നിക്ഷേപം പുതുക്കാനും സൗകര്യമുണ്ടായിരുന്നു. 2020 വരെ കൃത്യമായി നിക്ഷേപത്തുകയും ലാഭവിഹിതവും തിരികെ നൽകിയെങ്കിലും അതിന് ശേഷം ആർക്കും നിക്ഷേപത്തുക തിരികെ ലഭിച്ചില്ല. കമ്പനി മാനേജിങ് ഡയറക്ടർ മൂസാ ഹാജി ചറപറമ്പിൽ ഒളിവിൽ പോകുകയായിരുന്നു.

ഇ ഡി യുടെ അന്വേഷണത്തിൽ അപ്പോളോ ഗ്രൂപ്പ് ഇത്തരത്തിൽ 82 കോടിയോളം രൂപ സമാഹരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ ബാലൻഷീറ്റിൽ വൻ തുക പലിശരഹിത വായ്പ്പയായി കാണിച്ചിരുന്നു. ഇത്തരത്തിൽ അപ്പോളോ ജൂവലറിയുടെ നിക്ഷേപ പദ്ധതിയിലൂടെ കണ്ടെത്തിയ തുക മറ്റ് ഗ്രൂപ്പ് കമ്പനികളിലേക്ക് മാറ്റുകയും തിരുവനന്തപുരത്തും കോഴിക്കോട്ടും ആഡംബര ഹോട്ടൽ പ്രൊജെക്ടുകളിൽ ചെലവഴിക്കുകയും ചെയ്‌തു എന്ന് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് തുക നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട നിരവധി രേഖകളും ഇലക്ട്രോണിക് തെളിവുകളും റെയ്‌ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ഡെമോറ ഹോട്ടലുകളുടെ രേഖകൾ പിടിച്ചെടുക്കുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇ ഡി അന്വേഷണം തുടരുന്നു.

Related Articles

Latest Articles