തിരുവനന്തപുരം: ശബരിമല വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം തേടിയേക്കില്ല. ഏഴ് ദിവസത്തിനുള്ളില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്നായിരുന്നു കോടതി നിര്‍ദേശം. ശുദ്ധിക്രിയ വിവാദത്തില്‍ തന്ത്രി നല്‍കിയ വിശദീകരണം ഉടന്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യും. ആഭ്യന്തര തര്‍ക്കങ്ങള്‍ തീര്‍ന്നെങ്കിലും കുംഭമാസ പൂജയ്ക്കിടെ സംഘര്‍ഷം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ദേവസ്വം ബോര്‍ഡും സർക്കാരും.

അതേസമയം, ഈ മാസപൂജയ്ക്കും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭക്തര്‍, മാധ്യപ്രവര്‍ത്തകര്‍ എന്നിവര്‍ അടക്കമുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്നും പമ്ബ, സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ.
പൂജ ദിവസങ്ങളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അഭ്യര്‍ഥിച്ചു. കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച മുതല്‍ 17 ഞായറാഴ്ച വരെയാണ് ശബരിമല നടതുറക്കുക