ക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്ന അയോദ്ധ്യ രാമ ജന്മ ഭൂമിയിലേക്ക് പുതുവർഷ ദിനം പുണ്യ ദർശനത്തിനായി ഒഴുകിയെത്തിയത് 1.12 ലക്ഷത്തിലധികം ഭക്തർ. വിപുലമായ സൗകര്യങ്ങളാണ് ഉത്തർപ്രദേശ് സർക്കാർ അയോദ്ധ്യ തീർത്ഥാടനത്തിനായി ഒരുക്കി വരുന്നത്. സുപ്രീം കോടതി വിധിയെ തുടർന്ന് കഴിഞ്ഞ വർഷമാണ് രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. 2023 ൽ ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ആറ് വരെ 59,000 ത്തോളം ഭക്തരും രാമജന്മഭൂമി സന്ദർശിച്ചു. ഈ സമയത്ത് ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ നിന്നും രാമജന്മഭൂമിയിലേക്കുള്ള ഇടുങ്ങിയ പാത ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ വളരെ ബുദ്ധിമുട്ടിയാണ് ഭക്തരെ നിയന്ത്രിച്ചത്.
കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് അയോദ്ധ്യയിൽ ഭക്തരുടെ സഞ്ചാരം നിയന്ത്രിക്കാൻ പൊലീസ് കനത്ത ജാഗ്രത പുലർത്തിയിരുന്നു. പുതുവർഷത്തിൽ ഇത്രയും വലിയ ഭക്തജനത്തിരക്ക് ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

