Sunday, May 5, 2024
spot_img

ധീരജിന്റെ കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധമെന്ന് എഫ്.ഐ.ആര്‍

തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ കുത്തേറ്റ് കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്.ഐ.ആര്‍. സംഭവത്തിൽ പിടിയിലായ നിഖിലിന്റേയും ജെറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ആണ് ജെറിൻ ജോജോ. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് ജെറിന്‍ ജോജോയ്ക്കെതിരെ കേസ്. കൃത്യത്തിന് പിന്നില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

അതേസമയം ധീരജിന്‍റെ സംസ്കാരം ഇന്ന് കണ്ണൂരിൽ നടക്കും. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ച ധീരജിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി. തുടർന്ന് സിപിഎം ഇടുക്കി ജില്ല കമ്മറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ട് അഞ്ച് മണിയോടെ വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. ക്രിസ്മസ് അവധി കഴിഞ്ഞ് കോളേജിലേക്ക് മടങ്ങിയ മകൻ്റെ വിയോഗ വാർത്ത താങ്ങാനാകാതെ വിതുമ്പിക്കരയുകയാണ് മാതാപിതാക്കൾ.

തളിപ്പറമ്പ് പട്ടപ്പാറ പൊതുശ്മശാനത്തിലാണ് സംസ്കാരം തൃച്ചംബരത്ത് ധീരജിന്റെ വീടിനോട് ചേർന്ന് സിപിഎം വിലയ്ക്ക് വാങ്ങിയ എട്ട് സെന്റ് ഭൂമിയില്‍ ധീരജിന്റെ ഓര്‍മയ്ക്കായി സ്മാരകം പണിയും. വൈകിട്ട് നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.

Related Articles

Latest Articles