Wednesday, November 4, 2026

വാഹനത്തിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചതോ? എയർകണ്ടീഷണറിലെ തകരാറോ ? പേരാമ്പ്രയിൽ കാർ കത്തി എട്ടുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ ; കാർ കത്തിയത് സ്ഫോടന ശബ്ദത്തോടെയെന്ന് ദൃസാക്ഷികൾ

പേരാമ്പ്ര:ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് എട്ടുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന് പോലീസ്. കക്കറമുക്ക് സ്വദേശി പൂവത്തുംചാൽ സോന (28) ആണ് കാറിനുള്ളിൽ കുടുങ്ങി ദാരുണമായി വെന്തുമരിച്ചത്. സ്ഫോടന ശബ്ദത്തോടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ സോനയുടെ ഭർത്താവ് റിജിൻ ലാലിനെ (ലാലു) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സാധാരണ ഗതിയിൽ കാറുകളിൽ ഉണ്ടാകാറുള്ള ഷോർട്ട് സർക്യൂട്ട് മൂലമുള്ള പുകയലോ തീപിടിത്തമോ അല്ല ഇവിടെ സംഭവിച്ചതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന സൂചന. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നതിനാൽ ക്ഷീണം കാരണം സോന കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു. വാഹനത്തിൽ പുക ഉയർന്നയുടൻ തന്നെ ഡ്രൈവിംഗ് സീറ്റിലായിരുന്ന ലാലുവിന് ഡോർ തുറന്ന് പുറത്തിറങ്ങാൻ സാധിച്ചെങ്കിലും, തൊട്ടുപിന്നാലെ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ കാറിന്റെ സെൻട്രൽ ലോക്കിംഗ് സംവിധാനം പൂർണ്ണമായും തകരാറിലായി. ഇതോടെ പിൻസീറ്റിലായിരുന്ന സോനയ്ക്ക് ഡോർ തുറന്ന് പുറത്തിറങ്ങാൻ കഴിയാതെ വരികയായിരുന്നു.

ഉഗ്രമായ സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും തീ കാരണം കാറിന്റെ ഡോർ തകർക്കാനോ തീയണയ്ക്കാനോ സാധിച്ചില്ല. ശരീരമാകെ പൊള്ളലേറ്റ ലാലു പ്രാണരക്ഷാർത്ഥം സമീപത്തെ തോട്ടിലേക്ക് ചാടിയ ശേഷമാണ് ഭാര്യ അകത്ത് കുടുങ്ങിക്കിടക്കുന്ന വിവരം നാട്ടുകാരെ അറിയിക്കുന്നത്. ഉടൻ തന്നെ തൊട്ടടുത്ത നെൽവയലിൽ നിന്ന് വെള്ളം കോരിയൊഴിച്ചും മറ്റും നാട്ടുകാർ രക്ഷാപ്രവർത്തനം തുടർന്നുവെങ്കിലും നിമിഷങ്ങൾക്കകം കാറിനെ പൂർണ്ണമായും തീ വിഴുങ്ങിയിരുന്നു. പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് കാറിനുള്ളിൽ നിന്ന് സോനയുടെ മൃതദേഹം പുറത്തെടുത്തത്.

വാഹനത്തിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചതാണോ, എയർകണ്ടീഷണറിലെ തകരാറാണോ അതോ ഇന്ധന ചോർച്ചയാണോ സ്ഫോടനത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും വിദഗ്ദ്ധ പരിശോധന ഉടൻ നടക്കും. കാറുകളിൽ അനധികൃതമായി വരുത്തുന്ന മാറ്റങ്ങളോ എക്സ്ട്രാ ഫിറ്റിംഗുകളോ അപകടത്തിന് കാരണമായിട്ടുണ്ടോ എന്നും കാറിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള റിജിൻ ലാലിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം രേഖപ്പെടുത്തുന്ന വിശദമായ മൊഴി അന്വേഷണത്തിൽ നിർണ്ണായകമാകും.

Related Articles

Latest Articles