Tuesday, October 6, 2026

പഞ്ചരാഷ്ട്ര സന്ദർശനം ! നെതർലാൻഡ്സിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഊഷ്മള വരവേൽപ്പ്

ആംസ്റ്റർഡാം : വ്യാപാരം, സാങ്കേതികവിദ്യ, ഹരിത ഊർജ്ജം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഭാരതത്തിന്റെ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന
പഞ്ചരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദമോദി നെതർലാൻഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ എത്തി. ഹേഗിൽ എത്തിയ പ്രധാനമന്ത്രിയ്ക്ക് ഇന്ത്യൻ സമൂഹം വൻ സ്വീകരണമാണ് ഒരുക്കിയത്. പരമ്പരാഗത കലാപ്രകടനങ്ങളോടെയാണ് പ്രവാസി സമൂഹം അദ്ദേഹത്തെ വരവേറ്റത്. സന്ദർശന വേളയിൽ ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനുമായി അദ്ദേഹം ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ നടത്തും. കൂടാതെ വില്യം അലക്സാണ്ടർ രാജാവുമായും മാക്സിമ രാജ്ഞിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

സെമികണ്ടക്ടറുകൾ, ഗ്രീൻ ഹൈഡ്രജൻ, പ്രതിരോധം, നവീകരണം, ജലമാനേജ്മെന്റ് എന്നീ നിർണായക മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് നെതർലാൻഡ്സ് സന്ദർശനത്തിൽ ഇന്ത്യ മുൻഗണന നൽകുന്നത്. ഇതിന് ശേഷം സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായും പ്രധാനമന്ത്രി ചർച്ചകൾ നടത്തും. വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ നയതന്ത്ര പര്യടനം വരും ദിവസങ്ങളിലും ആഗോളതലത്തിൽ ഉറ്റുനോക്കപ്പെടുന്നു.

മേയ് 15 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന വിദേശപര്യടനത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), നെതർലാൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. പര്യടനത്തിന്റെ ആദ്യ ഘട്ടമായി ഇന്നലെ യുഎഇയിലെത്തിയ പ്രധാനമന്ത്രി, പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന പ്രാദേശിക അസ്ഥിരതകൾക്കിടയിലും ഇന്ത്യ എന്നും അബുദാബിക്കൊപ്പം തോൾചേർന്ന് നിൽക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്ന ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നത്.

Related Articles

Latest Articles