Monday, November 2, 2026

ഒന്നും നോക്കണ്ട ചെലവഴിച്ചോ ; പരിപാടി കളറാക്കണം ; നവകേരള സദസിന് പണം കണ്ടെത്താൻ സഹകരണ സംഘങ്ങളെ പിഴിയാൻ കേരള സർക്കാർ

തിരുവനന്തപുരം: കേരളീയം ധൂർത്തിന് പിന്നാലെ കേരളത്തിന്റെ നടുവൊടിക്കുന്ന പദ്ധതികൾക്ക് പണം ചെലവഴിക്കാനുള്ള വഴികളാലോചിക്കുകയാണ് കേരള സർക്കാർ. അതിനായി ഇപ്പോഴിതാ, നവകേരള സദസിന് പണം കണ്ടെത്താൻ സഹകരണസംഘങ്ങളെ പിഴിയാനാണ് സർക്കാരിന്റെ പുതിയ തീരുമാനം. നവകേരള സദസ് ആർഭാടപൂർവം നടത്താൻ ആവശ്യമായ പണം ചെലവഴിക്കാൻ സഹകരണ രജിസ്ട്രാർ, സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.

ഓരോ ജില്ലകളിലും അതത് ജില്ലകളിൽ നിന്നുള്ള മന്ത്രിമാർ എത്തുമ്പോൾ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവ് കണ്ടെത്താൻ വേണ്ടി സഹകരണ സംഘങ്ങൾ സഹകരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. കൂടാതെ, അതത് സഹകരണ സംഘങ്ങളുടെ ശേഷി അനുസരിച്ച് പരസ്യത്തിലേക്ക് ചെലവഴിക്കുന്ന തുക, നവകേരള സദസിന്റെ നടത്തിപ്പിനുവേണ്ടി ചിലവഴിക്കണം എന്നും ഉത്തരവിൽ പറയുന്നു. അതോടൊപ്പം, തദ്ദേശസ്വയംഭരണ സ്ഥാപനപ്രദേശമോ, ഭാഗമോ ഉൾപ്പെടുന്ന ഏതു നിയോജകമണ്ഡലത്തിലെ നവകേരളസദസ്സിനു വേണ്ടിയും തുക വിനിയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ഗ്രാമപഞ്ചായത്തുകൾക്ക് 50,000 രൂപ വരെയും മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും 1,00,000 രൂപ വരെയും കോർപ്പറേഷനുകൾക്ക് 2,00,000 രൂപ വരെയും ജില്ലാ പഞ്ചായത്തുകൾക്ക് 3,00,000 രൂപ വരെയും തനതുഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതി അനുമതി നൽകിക്കൊണ്ടാണ് സകരണ രജിസ്ട്രാർ ഉത്തരവിട്ടിരിക്കുന്നത്.

Related Articles

Latest Articles