കണ്ണൂർ ചൊക്ലിയിൽ നിന്നും പത്ത് ദിവസം മുമ്പ് കാണാതായ പതിനേഴുകാരൻ ശിവസൂര്യയുടെ തിരോധനത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. തലശ്ശേരി എ.എസ്.പി. ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ചൊക്ലി എസ്.ഐ. ആർ. രാഗേഷിന്റെ നേതൃത്വത്തിലാണ് എട്ടംഗ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നത്. മൊബൈൽ ഫോൺ എടുത്തു വെച്ചതിനെ തുടർന്ന് നാടുവിട്ട കുട്ടി എവിടെയാണെന്നതിന്റെ ഒരു വിവരവും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം വിപുലീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ വീടുവിട്ടിറങ്ങിയ ശിവസൂര്യ പൂമരം ജംഗ്ഷൻ ഭാഗത്തേക്ക് വേഗത്തിൽ നടന്നു പോകുന്നത് കണ്ടതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ടെങ്കിലും, പ്രദേശത്തെ സി.സി.ടി.വി കാമറകളിൽ കുട്ടിയുടെ ദൃശ്യങ്ങൾ ഒന്നും തന്നെ പതിഞ്ഞിട്ടില്ല. കാശിയിലേക്ക് പോകുമെന്ന് പറഞ്ഞാണ് കുട്ടി വീടുവിട്ടതെങ്കിലും മൈസൂരു ഭാഗത്തേക്ക് പോകാൻ സാധ്യതയുണ്ടെന്ന കുടുംബത്തിന്റെ സംശയത്തെ തുടർന്ന് അന്വേഷണ സംഘം മൈസൂരുവിലെത്തിയിട്ടുണ്ട്. തുടർന്ന് ബംഗളൂരുവിലേക്കും തെരച്ചിൽ വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. നേരത്തെ ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ യാതൊരു സൂചനയും ലഭിക്കാത്തതിനെ തുടർന്നാണ് കേസ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്.

