Wednesday, May 15, 2024
spot_img

ഇറ്റലിയിൽ യുവാവിന് ഒരേ സമയം മങ്കിപോക്സ്,കൊറോണ, എച്ച് ഐ വി ; രോഗ ലക്ഷണങ്ങൾ കാണിച്ചതിനാൽ നടത്തിയ പരിശോധനയിൽ ആണ് രോഗങ്ങൾ സ്ഥിരീകരിച്ചത്

 

ഇറ്റലി : മങ്കിപോക്‌സ്, കൊറോണ, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങൾ ഒരേ സമയം 36 കാരനിൽ സ്ഥിരീകരിച്ചു. ജേണൽ ഓഫ് ഇൻഫെക്ഷനിൽ പബ്ലിഷ് ചെയ്ത ലേഖനത്തിലാണ് യുവാവിന്റെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ഇത് വരെയും പുറത്തു വിട്ടിട്ടില്ല . അടുത്തിടെ അഞ്ചു ദിവസത്തെ സന്ദർശത്തിനായി യുവാവ് സ്‌പെയിനിലേയ്ക്ക് യാത്ര പോയിരുന്നു.

വീട്ടിലെത്തിയതിന് ശേഷം പനി, തൊണ്ടവേദന, ക്ഷീണം, തലവേദന തുടങ്ങീ നിരവധി അസ്വസ്ഥതകൾ യുവാവിനെ ബാധിച്ചിരുന്നു. വീട്ടിലെത്തി 9 ദിവസങ്ങൾക്ക് ശേഷവും രോഗങ്ങൾ മാറാതെ ഇരുന്നതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിലെത്തി മൂന്ന് ദിവസത്തിനുള്ളിൽ യുവാവിന് കൊറോണ സ്ഥിരീകരിച്ചു.

വൈകാതെ തന്നെ ശരീരഭാഗങ്ങളിലെല്ലാം തിണർപ്പുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായി .ഉടനെ തന്നെ യുവാവിനെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. മങ്കിപോക്‌സ് ലക്ഷണങ്ങൾ കാണിച്ചതോടെ ഇതിനായുള്ള പരിശോധന നടത്തി. പരിശോധനയിൽ മങ്കിപോക്‌സും എച്ച്‌ഐവിയും സ്ഥിരീകരിക്കുകയായിരുന്നു.

കൊറോണയുടെ വിശദമായ ജീനോം പരിശോധനയിൽ ഒമിക്രോണിന്റെ സബ് വേരിയന്റാണ് ഇയാളെ ബാധിച്ചതെന്ന് തെളിഞ്ഞു. കൊറോണയും മങ്കിപോക്‌സും ഭേദമായി ഒരാഴ്ചയ്‌ക്ക് ശേഷമാണ് യുവാവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.തുടർന്ന് എച്ച്‌ഐവിക്കുള്ള ചികിത്സ ആരംഭിച്ചതായും ഡോക്ടർമാർ വ്യക്തമാക്കി.

Related Articles

Latest Articles