Wednesday, October 7, 2026

കൽപ്പാത്തി രഥോത്സവത്തിന്റെ ഒന്നാം തേര് ദിവസം പാലക്കാട് തെരഞ്ഞെടുപ്പ്; ബിജെപിയും കോൺഗ്രസ്സും പരാതിപ്പെട്ടെങ്കിലും വോട്ടെടുപ്പ് തീയതി മാറുമോ? ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

പാലക്കാട്: സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്നത് പാലക്കാട് നിയമസഭാ മണ്ഡലത്തിലാണ്. വയനാടും ചേലക്കരയും തെരഞ്ഞെടുപ്പ് ചൂടിലെങ്കിലും പാലക്കാട് ചൂടേറിയ വാർത്തയാകുന്നത് ബിജെപിയുടെ വിജയ സാധ്യതകൊണ്ടാണ്. എന്നാൽ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന ദിവസമായ നവംബർ 13 നാണ് പ്രശസ്തമായ കൽപ്പാത്തി രഥോത്സവത്തിന്റെ ഒന്നാം തേരും. അതുകൊണ്ട് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബിജെപിയും കോൺഗ്രസ്സും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആശങ്ക വേണ്ടെന്നും തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനെ കൽപ്പാത്തി രഥോത്സവം ബാധിക്കില്ലെന്നും ജില്ലാ ഭരണകൂടവും അറിയിക്കുന്നുണ്ട്. രണ്ട് വാർഡുകൾ, പതിനൊന്നോളം ബൂത്തുകളും പതിനായിരത്തിലധികം വോട്ടർമാരും ഉത്സവമേഖലയിലുണ്ടെന്നാണ് കണക്ക്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് ഇതുസംബന്ധിച്ച അന്വേഷണം നടത്തിയിരുന്നെന്നും ജനങ്ങളുമായി സംസാരിച്ചിരുന്നെന്നും പാലക്കാട് ജില്ലാ കളക്ടർ എസ് ചിത്ര അറിയിച്ചു. കൽപ്പാത്തി രഥോത്സവം വളരെ സമാധാനപരമായി നടക്കുന്ന ഉത്സവമാണ്. ഒന്നാം തേര് ദിവസം സുഗമമായി തന്നെ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

രഥോത്സവം നടക്കുന്ന മേഖലകൾ ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണെന്നും ഒന്നാം തേര് ദിവസം തെരഞ്ഞെടുപ്പ് തീയതിയായത് ബിജെപിക്കെതിരായ ഗൂഡാലോചനയാണോ എന്ന് സംശയിക്കുന്നതായും ഉത്സവ ദിവസം തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മുൻകൂട്ടി വിവരം നൽകേണ്ടിയിരുന്നത് ജില്ലാ ഭരണകൂടമായിരുന്നുവെന്നും നേരത്തെ എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ അറിയിച്ചിരുന്നു.

Related Articles

Latest Articles