കർണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഗംഗാവലി നദിയില്‍ പുതഞ്ഞ മലയാളി ഡ്രൈവർ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍. പുഴയിലെ അടിയൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഡൈവിംഗ് നടക്കില്ലെന്ന് ദൗത്യ സംഘം അറിയിച്ചു. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്.
പുഴയിലുള്ളത് അര്‍ജുന്‍റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയിലും സ്ഥിരീകരിച്ചു. ട്രക്കിന്‍റെ ക്യാബിന്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ദൗത്യ സംഘം വാർത്താസമ്മേളനം നടത്തും.
മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവര്‍മാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. സ്റ്റീൽ ഹുക്ക് താഴേക്ക് ഇട്ട് ലോറിയിൽ കൊളുത്താൻ കഴിയാത്ത വിധത്തിൽ അതിശക്തമായ അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീൽ ഹുക്കുകൾ എത്തിക്കാൻ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. അതേസമയം, നദിക്കരയിൽ രണ്ട് ബൂം എക്സകവേറ്ററുകള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ഇപ്പോഴും പുരോഗമിക്കുകയാണ്. അടിയൊഴുക്ക് മറികടക്കാന്‍ താത്കാലിക തടയണ നിര്‍മ്മിക്കാനുള്ള സാധ്യതയും ദൗത്യസംഘം സജീവമായി പരിഗണിക്കുന്നുണ്ട്.
ഇന്ന് ദൗത്യത്തിൽ ഇരുന്നൂറോളം പേർ നേരിട്ട് പങ്കെടുക്കുന്നുണ്ട്. 31 എൻഡിആർഎഫ് അംഗങ്ങൾ, 42 എസ്‌ഡിആർഎഫ് അംഗങ്ങൾ, കരസേനയുടെ 60 അംഗങ്ങൾ, നാവികസേനയുടെ 12 ഡൈവർമാർ, കർണാടക അഗ്നിരക്ഷാ സേനയുടെ 26 അംഗങ്ങൾ, റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ സാങ്കേതിക സംഘം, ബൂം എക്സ്കവേറ്റർ അടക്കംഉപകരണങ്ങളുടെ വിദഗ്ദർ, നൂറോളം വരുന്ന പൊലീസ് സംഘം,ജില്ലാ ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ട്.

