ചെന്നൈ : ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് കോൺസ്റ്റബിളിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിഎംകെ യുവനേതാക്കൾക്കെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധം. ചെന്നൈയിലെ ഡിഎംകെ യോഗത്തിൽ നിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ പ്രവർത്തകർ വളഞ്ഞിട്ടു ആക്രമിച്ചു.
ഡിഎംകെ നേതാവ് കനിമൊഴിയുടെ കണ്മുന്നിൽ വെച്ചാണ് പാർട്ടി പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥയെ കടന്നു പിടിച്ചത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രവീൺ, ഏകാംബരം എന്നീ ഡിഎംകെ യുവനേതാക്കളെ പോലീസ് വളഞ്ഞു. ഇതിൽ പ്രകോപിതരായാണ് പ്രവർത്തകർ പോലീസിനെ വളഞ്ഞിട്ട് ആക്രമിച്ചത്. തുടർന്ന് പോലീസിന് പ്രതികളെ വിട്ടയക്കേണ്ടി വന്നു.
സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഡിഎംകെ നേതാക്കൾ തമിഴ്നാടിന് ആകെ അപമാനമായെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ അണ്ണാമലൈ തുറന്നടിച്ചു. കനിമൊഴി എം പി സന്നിഹിതയായിരുന്ന യോഗത്തിന്റെ സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരിയെയാണ് കനിമൊഴിയുടെ കണ്മുന്നിൽ ഡിഎംകെ തെമ്മാടിക്കൂട്ടം പരസ്യമായി കടന്നു പിടിച്ചത്.
ഡിഎംകെ ഭരണത്തിൻകീഴിൽ സംസ്ഥാനം മയക്കുമരുന്ന് മാഫിയയുടെയും ഭീകരവാദികളുടെയും സുരക്ഷിത താവളമായി മാറിയെന്ന് ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി കുറ്റപ്പെടുത്തി. കുറ്റവാളികളായ ഡിഎംകെ നേതാക്കളെ എത്രയും പെട്ടെന്ന് പോലീസിന് കൈമാറാൻ പാർട്ടി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

