Thursday, January 8, 2026

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം ! താലൂക്ക് ആശുപത്രിയിൽ സേവനം നിർത്തിവെച്ച് ജീവനക്കാരുടെ പ്രതിഷേധം; ജോലി സുരക്ഷ ഉറപ്പാക്കുന്നതിൽ സിസ്റ്റം പരാജയപ്പെട്ടെന്ന് ഡോക്ടർമാരുടെ സംഘടന

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. താമരശേരിയിലെ താലൂക്ക് ആശുപത്രി ജീവനക്കാർ സേവനം നിർത്തിവെച്ച് പ്രതിഷേധിക്കുകയാണ്. ജോലി സുരക്ഷ ഉറപ്പാക്കുന്നതിൽ സിസ്റ്റം പരാജയപ്പെട്ടെന്ന് സംഘടനയുടെ ഭാരവാഹികൾ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ മുഴുവൻ സേവനവും നിർത്തിവെക്കുന്നതായും മറ്റു ആശുപത്രികളിൽ എമർജൻസി വിഭാഗം ഒഴികെയുള്ള വിഭാഗങ്ങളിൽ പ്രവർത്തനം നിർത്തുമെന്നും സംഘടന അറിയിച്ചു. വന്ദന ദാസ് കൊല്ലപ്പെട്ട സമയത്ത് നൽകിയ ഉറപ്പുകൾ പാഴായെന്നും കെജിഎംഒഎ വ്യക്തമാക്കി.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ കൊടുവാൾ കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചത്. തലയ്ക്ക് വെട്ടേറ്റ ഡോ. വിപിന്റെ നില ഗുരുതരമല്ല. ഡോക്ടറെ ചികിത്സയ്ക്കായി കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

മകളെ കൊന്നില്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ആഗസ്റ്റ് 14-നാണ് സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles