Tuesday, May 21, 2024
spot_img

വന്ദന ഇനി കണ്ണീരോര്‍മ്മ;യാത്രാമൊഴിയേകി ജന്മനാട്,അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് വൻ ജനാവലി

കോട്ടയം: ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോക്ടര്‍ വന്ദനയ്ക്ക് യാത്രാമൊഴിയേകി ജന്മനാട്. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് ഡോ. വന്ദനയുടെ മൃതദേഹം സംസ്‌കരിച്ചത്. വന്‍ ജനാവലിയാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിയത്. മന്ത്രി വി എന്‍ വാസവന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, തോമസ് ചാഴിക്കാടന്‍ എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. വീടിന് സമീപം, അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ചിതയൊരുക്കിയതിന് തൊട്ടടുത്തായിട്ടാണ് വന്ദനയ്ക്ക് ചിതയൊരുക്കിയത്.

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ്. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുട്ടുചിറയിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ഇന്നലെ മുതൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. തിരക്ക് കണക്കിലെടുത്ത് കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെയുള്ള പ്രദേശങ്ങളിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

Related Articles

Latest Articles