Friday, May 10, 2024
spot_img

വാക്കുപാലിച്ച് ട്രംപ്: ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന, ഹ്രസ്വകാല വ്യാപാര കരാറിനും സാദ്ധ്യത

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. അടുത്ത മാസം അവസാനത്തോടെയാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുക എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഇന്ത്യയുടെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും ട്രംപിനെ വൈറ്റ് ഹൗസിലെത്തി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. നവംബറില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനൊടുവില്‍ ഡൊണാള്‍ഡ് ട്രംപ് മദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്, ഇനി തങ്ങളെ ഒരുമിച്ച് ഇന്ത്യയില്‍ കാണാം എന്നായിരുന്നു

അതേസമയം ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ട്രംപ് മുഖ്യാതിഥിയാകുമെന്നും സൂചനയുണ്ട്. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ട്രംപ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ട്രംപിന്റെ സന്ദര്‍ശനത്തിനു സൗകര്യപ്രദമായ തീയതികള്‍ ഇരു രാജ്യങ്ങളും പരസ്പരം കൈമാറിയെന്നാണ് വിവരം. പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി ഈ ആഴ്ച ആരംഭിക്കുന്ന സെനറ്റ് വിചാരണയുടെ പുരോഗതി അനുസരിച്ചാകും അന്തിമതീയതി നിശ്ചയിക്കുക.കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡോണാള്‍ഡ് ട്രംപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ഇന്ത്യ -യു.എസ് ബന്ധം കരുത്തില്‍നിന്നു കരുത്തിലേക്കു വളരുകയാണെന്നു മോദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് – ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയായിരുന്നു ഇരുവരുടെയും ഫോണ്‍ സംഭാഷണം. ഇന്ത്യയും യുഎസും തമ്മില്‍ ഒരു ഹ്രസ്വകാല വ്യാപാര കരാറിനും സാദ്ധ്യതയുണ്ടെന്ന് ഇരു രാജ്യങ്ങളും നേരത്തെ സൂചന നല്‍കിയിരുന്നു

Related Articles

Latest Articles