തിരുവനന്തപുരം: അന്തരിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും വാഗ്മിയുമായ ഡോ. ഡി. ബാബു പോളിന് (78) തലസ്ഥാനം യാത്രാമൊഴി നൽകി.
പുന്നൻ റോഡിലെ സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിൽ നടന്ന പ്രാർഥനാ ശുശ്രൂഷകൾക്കു മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ കാർമികത്വം വഹിച്ചു. തുടർന്ന് പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു മൃതദേഹം മമ്മീസ് കോളനിയിലെ വസതിയിലെത്തിച്ചത്.
ഇന്ന് പുലർച്ചെ എറണാകുളത്തേക്കു കൊണ്ടുപോയ മൃതദേഹം വൈകുന്നേരം നാലിന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ സംസ്കരിക്കും. മാതാ പിതാക്കളുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത കുടുംബക്കല്ലറയിൽ തന്നെ തന്നെയും അടക്കം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു.
കേരളം കണ്ട മികച്ച ബ്യൂറോക്രാറ്റും എഴുത്തുകാരനും വാഗ്മിയുമായ ഡോ. ഡി. ബാബുപോൾ കരൾ, വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് അന്തരിച്ചത്.

