Tuesday, May 21, 2024
spot_img

ഡോ. ഷഹനയുടെ മരണം ! അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ നിർദേശം ! നടപടി ആത്മഹത്യക്ക് പിന്നിൽ സ്ത്രീധനമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിലെ പിജി ഡോക്ടറായ ഷഹനയുടെ മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഷഹ്‌നയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധനമാണെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് ശിശുവികസന വകുപ്പ് ഡയറക്ടറോട് നിര്‍ദേശിച്ചത്.

ഷഹനയുടെ മരണത്തിന് പിന്നിൽ വിവാഹമാലോചനയുമായെത്തിയവർ കുടുംബത്തിന് താങ്ങാൻ കഴിയാത്ത സ്ത്രീധനം ചോദിച്ചതാണെന്ന ആരോപണവുമായി കുടുംബം. ഷഹനയുടെ കൂടെ പഠിക്കുന്ന ഡോക്ടറുടെ വിവാഹ ആലോചന എത്തിയപ്പോൾ എതിർപ്പൊന്നുമില്ലെന്നും 50 പവൻ സ്വർണവും 50 ലക്ഷം രൂപയുടെ സ്വത്തും കാറും നൽകാമെന്നും കുടുംബം അറിയിച്ചിരുന്നു. എന്നാൽ യുവാവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത് 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറുമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതോടെ കുടുംബം സമ്മർദത്തിലായി. പിന്നാലെ യുവാവ് വിവാഹ ആലോചനയിൽ നിന്ന് പിന്മാറി. ഇക്കാര്യങ്ങൾ വിശദമാക്കി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വെഞ്ഞാറമൂട് സ്വദേശിനിയായ ഷഹനയുടെ പിതാവ് വർഷങ്ങളായി വിദേശത്തായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന ഷഹന ഉയർന്ന മാർക്കോടെയാണ് എല്ലാ പരീക്ഷകളും പാസായത്. മെരിറ്റ് സീറ്റിലാണ് എംബിബിഎസിനു ചേർന്നത്. എന്നാൽ പിതാവ് മാസങ്ങൾക്കു മുൻപ് അർബുദം ബാധിച്ചു മരിച്ചതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. പണം കടം കൊടുത്തിരുന്ന പലരും തിരികെ നൽകിയതുമില്ല. പിതാവിന്റെ മരണത്തിന് പിന്നാലെ പണത്തിന്റെ പേരിൽ കല്യാണം മുടങ്ങിയതും ഷഹനയെ മാനസികമായി തളർത്തി.

തിങ്കളാഴ്ച രാത്രി ഷഹന ക്ലാസിൽ വരാത്തതിനെ തുടർന്ന് സഹപാഠികൾ താമസസ്ഥലത്തെത്തിയപ്പോൾ മുറി അടച്ച നിലയിലായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനസ്തേഷ്യയ്ക്കുള്ള മരുന്നു കുത്തിവച്ചാണ് ആത്മഹത്യ ചെയ്തതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതായി പോലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. എല്ലാവർക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പിലുണ്ട്. വിവാഹത്തിന് ഒരുപാട് പണം ആവശ്യമാണെന്നും ആരും പണം നൽകാനില്ലെന്നും കുറിപ്പിലുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

Related Articles

Latest Articles