നെയ്യാറ്റിൻകര: ഉത്സവ ലഹരിയിലാറാടുന്ന നെയ്യാറ്റിൻകര ഉണ്ണിക്കണ്ണന്റെ തിരുനടയിൽ മലയാള മഹാനിഘണ്ടു എഡിറ്ററും പ്രശസ്ത ഗ്രന്ഥകാരനുമായ ഡോ. പി വേണുഗോപാലിന് ആദരം. മഞ്ജരി കലാസാഹിത്യ വേദിയുടെ സാഹിത്യ മഞ്ജരി പുരസ്‌ക്കാരം മാർച്ച് 25 വൈകുന്നേരം നാലുമണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സാസ്‌കാരികോത്സവം 2023 ൽ വച്ച് സമർപ്പിക്കും. ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദസരസ്വതി സാംസ്‌കാരികോത്സവത്തിന്റെ ദീപപ്രജ്വലനം നിർവ്വഹിക്കും.
മഞ്ജരി കലാസാഹിത്യവേദി പ്രസിഡന്റ് ഉദയൻ കൊക്കോട് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ പ്രശസ്ത കവിയും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫ. വി മധുസൂദനൻ നായർ ഉദ്ഘാടനവും പുരസ്കാരദാനവും നിർവ്വഹിക്കും. ഡോ. ബിജു ബാലകൃഷ്ണൻ, ഡോ. ജെ കുമാർ, അഡ്വക്കേറ്റ് എൻ രാജമോഹൻ, അരവിന്ദ് എസ് ജി നായർ, നെയ്യാറ്റിൻകര കൃഷ്ണൻ, എൻ എസ് സുമേഷ് കൃഷ്ണൻ, വി മോഹനകുമാർ, ഗിരീഷ് പരുത്തിമഠം, നെയ്യാറ്റിൻകര സുകുമാരൻ നായർ, വി കൃഷ്ണൻ നായർ തുടങ്ങി കലാ, സാഹിത്യ, ചലച്ചിത്ര, സാംസ്കാരിക ലോകത്തെ പ്രമുഖർ ആശംസകൾ അർപ്പിക്കും. പ്രശസ്ത സംഗീതജ്ഞൻ അരുൺ ജി എസ് മണലൂർ കൃഷ്ണഗീതം അവതരിപ്പിക്കും.

