വടക്കാഞ്ചേരി : ബസ് അപകടത്തിൽ ഡ്രൈവർ പിടിയിൽ. കൊല്ലം ചവറയിൽ നിന്നുമാണ് ഇയാൾ പിടിയിലാകുന്നത്. തിരുവനന്തപുരത്തേയ്ക്ക് കടക്കും വഴിയാണ് ഡ്രൈവർ ജോമോൻ പിടിയിലാകുന്നത്. ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
സ്വകാര്യ ബസ് ഡ്രൈവര്‍ ആശുപത്രിയില്‍ കള്ളപ്പേരിൽ ചികിത്സ തേടിയശേഷമാണ് ഒളിവിൽ പോയത്. എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത് പൂക്കോടന്‍ വീട്ടില്‍ ജോമോനാണ് ലുമിനസ് എന്ന ബസ് ഓടിച്ചത്. ഇയാള്‍ അപകടത്തിന് ശേഷം ഇ.കെ. നായനാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം മുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇക്കാര്യം പുറത്തറിയിച്ചത് ആശുപത്രി അധികൃതരായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ഇയാൾ ആശുപത്രിയിൽ എത്തിയത്. തുടര്‍ന്ന് ഇയാള്‍ ഒന്നര മണിക്കൂറോളം പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ ചെലവഴിച്ചശേഷമാണ് അവിടെ നിന്നും മടങ്ങിയത്.
ഡ്രൈവര്‍ക്ക് കാര്യമായ പരിക്കുകളൊന്നുമില്ല. കൈയിലും കാലിലും ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ടെങ്കിലും ചതവോ എല്ലുകള്‍ക്ക് പൊട്ടലോ സംഭവിച്ചിട്ടില്ലെന്ന് എക്‌സറേയില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ജോമോന്‍ ആശുപത്രിയില്‍ താന്‍ അധ്യാപകനാണെന്നാണ് ആദ്യം അറിയിച്ചിരിക്കുന്നത്. ജോജോ പത്രോസ് എന്നാണ് ഇയാളുടെ പേര് പറഞ്ഞത്. സംശയത്തെ തുടര്‍ന്ന് പിന്നീട് കുറേ ചോദിച്ചശേഷമാണ് ഇയാള്‍ താന്‍ ഡ്രൈവറാണെന്ന് വെളിപ്പെടുത്തിയതെന്നും ജോമോനെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി.
അതേസമയം ബസ് ഡ്രൈവർ ചികിത്സ തേടുന്നതിന് മുമ്പ് പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായതിന് ശേഷം പിന്നീട് ചികിത്സയിലിരിക്കെ കടന്ന് കളഞ്ഞു എന്നും വാർത്തകൾ വന്നിരുന്നു

